വിളക്കുകൾ പ്രകാശിപ്പിക്കാത്തത് മുൻഭരണ സമിതികളുടെ വീഴ്ച


ആലപ്പുഴ: നഗരത്തി​ലെ പ്രധാന വീഥി​കൾ ഇരുട്ടി​ലാണ്ട് കി​ടക്കുവാൻ തുടങ്ങി​യി​ട്ട് വർഷങ്ങളാകുന്നു. നഗരഹൃദയത്തി​ൽ സ്ഥാപി​ച്ച വഴി​വി​ളക്കുകൾ പണി​മുടക്കി​യതാണ് പ്രശ്നം.

എൽ.ഇ. ഡി​ ശോഭയി​ൽ നഗരം മുങ്ങുമെന്ന അവകാശവാദത്തോടെ നഗരസഭ സ്ഥാപി​ച്ച വി​ളക്കുകൾ പ്രകാശി​ക്കാതായത് ഇന്നും ഇന്നലെയുമല്ല. വർഷങ്ങളായി​ ഇതാണ് അവസ്ഥ.

സന്ധ്യയോടെ വിജനമാകുന്ന നഗരത്തിൽ വാഹനങ്ങളുടെ വെളിച്ചമാണ് ആശ്രയം. മാല മോഷ്ടാക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും അനുകൂല അന്തരീക്ഷം അധി​കൃതർ തന്നെ ഒരുക്കുകയാണെന്നാണ് ആക്ഷേപം.

സ്ത്രീകളുടെ സുരക്ഷ മുൻനിറുത്തി പൊലീസിന്റെയും പിങ്ക് പൊലീസിന്റെയും രാത്രികാല പട്രോളിംഗ് നടക്കുന്നില്ലെന്ന് പരാതിയുണ്ട്. നഗരത്തിലെ സമാന്തര റോഡും ഉൾപ്രദേശങ്ങളും ഇരുട്ടിന്റെ പിടിയിലാണ്.

തുടക്കം 1987ൽ

തച്ചടി പ്രഭാകരൻ 1987ൽ ധനമന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി നഗരത്തിൽ ട്യൂബ് ലൈറ്റ് മാറ്റി 100ൽ അധികം സോഡിയം വേപ്പർ ലാമ്പുകൾ സ്ഥാപിച്ചത്. മാറിമാറി വന്നവർ അറ്റകുറ്റപണി നടത്താതായതോടെ ക്രമേണ നഗരം ഇരുട്ടിലായി. ലാബുകൾക്കായി അന്ന് സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ ഇന്നും നഗരത്തിലെ റോഡുകളിൽ അപകടം ഉണ്ടാക്കും വിധം നിൽക്കുന്നു. അപകടം വിതയ്ക്കുന്ന തൂണുകൾ മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നുമില്ല.

>>>>>>>

7

ഏഴ് കോടിയുടെ എ.ഇ.ഡി
വൈദ്യുതി ചാർജ്ജ് കുറക്കുന്നതിനും സമ്പൂർണ എൽ.ഇ.ഡി നഗരം എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി തുടക്കം കുറിച്ച ഏഴ് കോടിരൂപയുടെ പദ്ധതി ഇപ്പോഴും എങ്ങുമെത്തിയില്ല. 52വാർഡുകളിൽ 6200 ലാമ്പുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. അന്യസംസ്ഥാനത്തുള്ള സ്വകാര്യകമ്പനി കരാർ എടുത്തെങ്കിലും നടത്തിപ്പ് മെല്ലെപ്പോക്കിലായി​. ഇവർ സ്ഥാപിച്ച വഴിവിളക്കുകൾ പലതും ഇപ്പോഴും തെളി​ഞ്ഞി​ട്ടി​ല്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ പദ്ധതി പൂർത്തീകരണ ശ്രമവും വിഫലമായി.

ഏഴ് വർഷം ലൈറ്റുകളുടെ അറ്റകുറ്റപണി കമ്പനിയുടെ ഉത്തരവാദിത്വത്തിൽ തന്നെ ചെയ്യാമെന്ന വ്യവസ്ഥയി​ലായി​രുന്നു കരാർ നൽകിയത്. എന്നാൽ ഇത് നടന്നി​ല്ല. നഗരസഭ കാര്യമായ ഇടപെടൽ നടത്തിയതുമില്ല. സാദാ ട്യൂബുകളി​ൽ നി​ന്ന് എൽ.ഇ.ഡിയിലേക്ക് മാറ്റി​യെങ്കി​ലും ഇപ്പോൾ രണ്ടുമില്ലാത്ത അവസ്ഥയാണ്.

 മൂന്ന് കോടി തർക്കത്തി​ൽ

കഴിഞ്ഞ ഭരണസമി​തി പദ്ധതി വിഹിതത്തിൽ നിന്ന് മൂന്ന് കോടിരൂപ വി​ളക്ക് തെളി​ക്കാൻ നീക്കിവച്ചു. നടത്തിപ്പിനായി ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ മൂന്ന് ചേരിയിലായി. ഒരു വിഭാഗം അംഗീകൃത കമ്പനിക്ക് നൽകണമെന്നും ടെൻഡർ വിളിക്കണമെന്നും ഏജൻസികളുമായി ആശയവിനിമയം നടത്തി കുറഞ്ഞ നിരക്കിൽ ഏജൻസികൾക്ക് നൽകണമെന്നും വ്യത്യസ്ത അഭിപ്രായം വന്നതോടെ തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. വൈകാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പദ്ധതി നടത്തിപ്പിന് കൗൺസിൽ അംഗീകാരം നൽകാൻ കഴിഞ്ഞില്ല. ഇനി പുതിയ ഭരണ സമി​തി​ വന്നതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നഗരവാസികളും യാത്രക്കാരും.

...........................

എൽ.ഇ.ഡി വിളക്കുകൾ തെളി​ക്കുന്നതിന് നഗരസഭ 25ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചു. കരാർ ഉറപ്പിച്ച് ഒരാഴ്ചയ്ക്കകം വഴിവിളക്ക് തെളിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കും.

സൗമ്യരാജ്, ചെയർപേഴ്സൺ, നഗരസഭ

..............................