ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന കളർകോട്, കൊമ്മാടി ജംഗ്ഷനുകളിലെ സിഗ്നൽ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതും മീഡിയൻ നിർമ്മാണവും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കലും ഇന്നാരംഭിക്കും.
ദേശീയപാത നിരത്ത് വിഭാഗത്തിനാണ് ചുമതല. കളർകോട് മുതൽ പറവൂർ വരെയും കൊമ്മാടി മുതൽ തുമ്പോളി ജംഗ്ഷന് വടക്ക് ഭാഗം വരെയുമാണ് മീഡിയൻ നിർമ്മിക്കുന്നത്. ബൈപ്പാസ് തുറന്ന ശേഷം ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരമാണ് നിർമ്മാണം അടിയന്തരമായി നടത്തുന്നത്. കളർകോട് ഭാഗത്ത് മീഡിയൻ നീട്ടാൻ ആവശ്യമായ സ്ഥലമുള്ളതിനാൽ ഈ ഭാഗത്തെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുന്നത്. നിരവധി പോക്കറ്റ് റോഡുകളാണ് കളർകോട് ബൈപ്പാസ് ജംഗ്ഷനിൽ സംയോജിക്കുന്നത്. ഇക്കാരണത്താൽ അപകട സാദ്ധ്യത കൂടാമെന്നതിനാലാണ് പറവൂർ ജംഗ്ഷൻ വരെ മീഡിയൻ നീട്ടാൻ തീരുമാനിച്ചത്.
നിലവിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ടൗൺ റോഡിലേക്കുള്ള പ്രവേശനദിശ തെറ്റിച്ച് സഞ്ചരിക്കുന്നതാണ് അപകടത്തിന് കാരണം. പറവൂരിൽ നിന്ന് ബൈപ്പാസിലേക്കും ടൗൺറോഡിലേക്കും വേർതിരിഞ്ഞ് പോകാൻ കഴിയുന്ന തരത്തിലാണ് ഇനിയുള്ള മീഡിയൻ നിർമ്മാണം. കളർകോട് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ മാറ്റി സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. ഇതിന് പുറമേ കൂടുതൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും.
കൊമ്മാടി മുതൽ തുമ്പോളി വരെയുള്ള ഭാഗത്ത് മീഡിയൻ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഇല്ലാത്തത് തടസമാകും. സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം മന്ത്രി ജി.സുധാകരൻ മന്ത്രി തോമസ് ഐസക്കുമായി ചർച്ച നടത്തും. നിലവിൽ കളർകോട് ബൈപ്പാസ് ജംഗ്ഷന്റെ അത്രയും അപകട സാദ്ധ്യത ഇല്ലാത്തത് ആശ്വാസം പകരുന്നുണ്ട്. തീരദേശ റോഡിലൂടെ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും തുമ്പോളി ജംഗ്ഷനിൽ നിന്നാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്.അപകടം ഒഴിവാക്കാൻ തുമ്പോളി ജംഗ്ഷന് വടക്ക് ഭാഗംവരെ മീഡിയൻ നീട്ടാനാണ് ദേശീയപാത അധികൃതരുടെ ആലോചന.
# വേണം കടിഞ്ഞാൺ
തുറന്ന് നാല് ദിവസത്തിനുള്ളിൽ ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടങ്ങളുടെ പരമ്പരയായി. അമിതവേഗവും ഗതാഗത നിയമലംഘനങ്ങൾ തടയാൻ സംവിധാനങ്ങളില്ലാത്തതാണ് ബൈപ്പാസിനെ അപകടമേഖലയാക്കിയത്. 40 കിലോമീറ്റർ വേഗമേ ബൈപ്പാസിൽ പാടുള്ളു എന്ന നിർദ്ദേശം പാലിക്കാതെ 100 കിലോമീറ്റർ വരെ വേഗത്തിലാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. തടി ലോറി ആദ്യദിവസം തന്നെ ടോൾ ബൂത്ത് ഇടിച്ച് തകർത്തു. വേഗത്തിന് കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ബൈപ്പാസ് ചോരക്കളമാകും.
നിർദ്ദേശങ്ങൾ ഇങ്ങനെ
മീഡിയൻ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം
അമിത വേഗം തടയാൻ നിരീക്ഷണ കാമറകൾ
കൂടുതൽ സിഗ്നൽ ലൈറ്റുകൾ
പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന