ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾക്ക് വേഗം പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് സംഘടിപ്പിക്കുന്ന, ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലുള്ള 'സാന്ത്വന സ്പർശം' അദാലത്ത് ആലപ്പുഴ ലജനത്ത് സ്കൂളിൽ ഇന്നാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു.
കളക്ടറേറ്റ് മുതൽ ബീച്ചു വരെയുള്ള റോഡ് ഇന്ന് വൺ വേ ആയിരിക്കും. പടിഞ്ഞാറോട്ട് മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂ. സ്വകാര്യ വാഹനങ്ങൾക്ക് ലജ്‌നത്തുൽ സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശനമില്ല. പരാതിക്കാരെ സ്‌കൂളിനു മുന്നിൽ ഇറക്കിയ ശേഷം പാർക്കിംഗ് ഭാഗത്തേക്ക് പോകണം. സർക്കാർ വാഹനങ്ങൾ സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്യാം. രണ്ടു താലൂക്കുകൾക്ക് ഒന്ന് എന്ന രീതിയിൽ ജില്ലയിൽ മൂന്നു സ്ഥലങ്ങളിലായാണ് അദാലത്ത് നടക്കുന്നത്. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ അദാലത്ത് ആലപ്പുഴ ലജ്‌നത്തുൽ സ്‌കൂളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ വരെയാണ് അദാലത്ത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ, മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്, മന്ത്രി പി.തിലോത്തമൻ എന്നിവർ നേരിട്ട് പങ്കെടുക്കും. എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരും അദാലത്തിൽ പങ്കെടുക്കും.
പാർക്കിംഗ്
അപേക്ഷകർ എത്തുന്ന വാഹനങ്ങൾക്ക് സ്‌കൂളിന്റെ പരിസരത്ത് പ്രവേശനമില്ല, ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ ബീച്ച്, കളക്ടറേറ്റ്, ഇ.എം.എസ് സ്റ്റേഡിയം, റിക്രിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഡ്രൈവർമാർ വണ്ടികളിൽ തന്നെ ഉണ്ടാകണം. അദാലത്തിൽ എത്തുന്നവർ എൻക്വയറി കൗണ്ടറിൽ ബന്ധപ്പെട്ട് നമ്പർ വാങ്ങിയ ശേഷം അതത് ഡിപ്പാർട്ട്‌മെന്റ്കളുടെ കൗണ്ടറുകളിലും, സി.എം.ഡി.ആർ.എഫ് കൗണ്ടറുകളിലും എത്തണം. അപേക്ഷയുടെ നില പരിശോധിച്ച് അപേക്ഷകരെ മന്ത്രിമാരുടെ അടുത്ത് പരാതി പരിഹാരത്തിനായി എത്തിക്കും. വിവിധ ഡിപ്പാർട്ട്‌മെന്റ്കളുടെ കൗണ്ടറുകൾ അദാലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പരാതികൾക്ക് പരിഹാരം ലഭിക്കാത്തവർക്ക് മന്ത്രിമാരെ കാണാൻ അവസരം നൽകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർ നേരിട്ട് അപേക്ഷകളുമായി എത്തി എൻക്വയറി കൗണ്ടറിൽ ബന്ധപ്പെടേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ച് പരിഹാരത്തിനായി കൗണ്ടറുകളിലേക്ക് നിർദ്ദേശിക്കും.