ആലപ്പുഴ: സംഘടിച്ച് ശക്തരാകുകയെന്ന ശ്രീനാരായണ ഗുരുദേവന്റെ ആഹ്വാനം ഉൾക്കൊണ്ട് എസ്.എൻ.ഡി.പി യോഗം വളർച്ച കൈവരിക്കുന്ന കാലഘട്ടത്തിൽ ഛിദ്രശക്തികൾക്ക് യോഗത്തെ തകർക്കാനാകില്ലെന്ന് രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ പറഞ്ഞു. സംഘടന കൊണ്ട് ശക്തരാകുകയെന്ന കാമ്പെയിനിന്റെ ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാതലം മുതൽ യോഗത്തിന്റെ ശക്തി വർദ്ധിപ്പിക്കുവാനുതകുന്ന നിരവധി പദ്ധതികൾ വരുന്ന ഒരുവർഷം സംഘടിപ്പിക്കും. പോഷക സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളും സംഘടന കൊണ്ട് ശക്തരാകുവാനുളള ഗുരുവിന്റെ വചനത്തെ സംബന്ധിച്ചുളള ബോധവത്കരണവും നടക്കും. ടി.കെ.മാധവന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച കർമ്മപദ്ധതികൾ പാരമ്യതയിലെത്തിയത് വെളളാപ്പളളി നടേശൻ ജനറൽ സെക്രട്ടറിയായതിന് ശേഷമുളള കാലയളവിലാണ്. പുറത്ത് നിന്നും അകത്ത് നിന്നും യോഗത്തെ തളർത്തുവാനും പിളർത്താനും ശ്രമങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം തകർത്ത് യോഗം മുന്നേറുമെന്നതിൽ സംശയമില്ല. സമുദായ ശക്തി സമാഹരണത്തിലൂടെ മാത്രമേ അർഹതയുളള അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയുകയുള്ളൂവെന്ന് സമുദായ അംഗങ്ങൾ മനസിലാക്കണമെന്നും എം.ബി.ശ്രീകുമാർ പറഞ്ഞു.
നവീകരിച്ച കടവൂർ എസ്.എൻ യു.പി സ്‌കൂൾ കെട്ടിടങ്ങളുടെ സമർപ്പണം, ഏകാത്മകം മെഗാഇവന്റിൽ പങ്കെടുത്ത നർത്തകിമാർക്കുളള അനുമോദനം, നിർദ്ധന രോഗികൾക്കുളള ചികിത്സാ ധനസഹായ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പളളിക്കൽ, വനിതാ സംഘം ഭാരവാഹികളായ എൽ.അമ്പിളി, സുനി ബിജു, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ഡി.ശ്രീജിത്, രാജീവ് തെക്കേക്കര, അഖിൽ കടവൂർ, അഖിൽ കണ്ണമംഗലം, കടവൂർ എസ്.എൻ യു.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.രേഖ എന്നിവർ സംസാരിച്ചു.