ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കറിൽ നിന്നു 320 ലിറ്റർ ഡീസൽ മോഷ്ടിച്ചു.
തെങ്കാശിയിൽ നിന്നു എൽ.പി.ജി എടുക്കാനായി മംഗലാപുരത്തേക്ക് പോയ ലോറി ആയിരുന്നു. പുലർച്ചെ നാലുമണിയോടെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇന്ധനം കുറവാണെന്നുള്ള സിഗ്നൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കിന്റെ ലോക്ക് കുത്തിത്തുറന്ന് മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ലോറി നിറുത്തിയിട്ടിരുന്നതിന് സമീപമുള്ള സ്കൂളിന്റെ കോമ്പൗണ്ടിലേക്കാണ് മോഷ്ടിച്ച ഇന്ധനം ആദ്യം മാറ്റിയത്. തുടർന്ന് വാഹനത്തിൽ സ്കൂളിന്റെ ഗേറ്റ് വഴി അകത്തെത്തി ഇന്ധനം കടത്തിക്കൊണ്ടു പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയിലെ ഡ്രൈവറുടെ മൊബൈൽ ഫോൺ പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങിയ സംഭവവും ഉണ്ടായി. സമാന സംഭവങ്ങൾ ഇവിടെ തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.