eee

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിദ്ധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നുണ്ട്. നമ്മുടെ ഭക്ഷണവിഭവങ്ങളിൽ ഇവയ്‌ക്ക് വലിയ പ്രാധാന്യവുമുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്‌തതയിലും വളരെയധികം പങ്ക് വഹിക്കുന്നു. ഇത്തവണ അൽപ്പം സുഗന്ധവ്യജ്ഞന വിശേഷങ്ങളാണ്!

കുരുമുളകിനെ തഴയില്ല

കേരളീയരുടെ ഭക്ഷണശീലങ്ങളുമായും ഔഷധസേവകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളകിന്റെ പ്രാധാന്യം ഭാരതീയർ വളരെ കാലം മുമ്പേ തിരിച്ചറിഞ്ഞിരുന്നു. വിദേശികളുടെ ആഗമനത്തോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്നു കരുതപ്പെടുന്നു. പൗരാണിക കാലം മുതൽക്കു തന്നെ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നുണ്ട്.

പ്രധാന ഔഷധഗുണങ്ങൾ

കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കും.

ഗ്രാമ്പുവിന്റെ ഔഷധ ഗുണങ്ങൾ
സുഗന്ധവിളയായി അറിയപ്പെടുന്ന ഗ്രാമ്പു ഒരു മികച്ച ഔഷധം കൂടിയാണ്. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായി കാലകാലങ്ങളായി പരിഗണിക്കപ്പെടുന്നു. ( പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്‌ത അളവിൽ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്) ഗ്രാമ്പുവിന്റെ ഉണങ്ങിയ മൊട്ടിൽ നിന്നും എടുക്കുന്ന ഗ്രാമ്പു തൈലമാണ് ഏറെ ഔഷധപ്രദം.

Clove tree എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന ഗ്രാമ്പു കോളറ രോഗത്തിന് ഫലപ്രദമാണെന്ന് ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. കോളറയ്‌ക്ക് കാരണമാകുന്ന 'വിബ്രിയോ കോളറേ' എന്ന അണുവിനെ നശിപ്പിക്കുവാനുള്ള കഴിവ് ഗ്രാമ്പൂവിന് ഉണ്ടത്രേ. മികച്ച അണുനാശിനിയായ ഗ്രാമ്പുവിനെ ജൈവ കീടനാശിനിയുടെ ഘടകങ്ങളിലൊന്നായും ഉപയോഗിച്ചു വരുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥയിൽ വളർത്തി എടുക്കാവുന്ന ഒരു ഔഷധവൃക്ഷമാണ് ഗ്രാമ്പു.

eee

വ്യഞ്ജനങ്ങളുടെ റാണി

മനം മയക്കുന്നതാണ് ഏലക്കയുടെ സുഗന്ധം. എന്നാൽ കേവലം സുഗന്ധത്തിനുള്ളതാണോ ഏലക്ക, അല്ലേയല്ല. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. ഇതുനേരത്തെ അറിയാവുന്നതുകൊണ്ടാണ് നമ്മുടെ മലനിരകളിൽ സായിപ്പ് ധാരാളവുമായി ഏലം വച്ച് പിടിപ്പിച്ചതാണ്. വില കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്ന ഏലക്കയുടെ ഗുണത്തിൽ മാത്രം യാതൊരു ഇടിവുമില്ല. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്‌ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്.

കറുവപ്പട്ട

ഒരുപാട് ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് പട്ട. രക്തകോശങ്ങളിലെ സമ്മർദം കുറയ്‌ക്കുന്നു. രക്തം കട്ടയാകുന്നതും തടയുന്നു. ആർട്ടറികളിൽ രക്തം കട്ടയാകുന്നതാണ് ഹൃദയാഘാതങ്ങൾക്കും സ്‌ട്രോക്കുകൾക്കും കാരണമാകാറുള്ളത്. രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ കുറച്ച് ഹൃദ്രോഗങ്ങൾ തടയുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് തടയുന്നത് തന്നെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നിങ്ങൾക്ക് ഹൃദ്രോഗങ്ങൾ തടയാം. നിത്യവുമുള്ള ഭക്ഷണത്തിൽ ഈ സസ്യങ്ങൾ ഉൾപ്പെടുത്തുകയും അനാവശ്യഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നത് കാലക്രമേണ ഗുണം ചെയ്യും. ഇപ്പോൾ നല്ലത് തെരഞ്ഞെടുത്താൽ ഭാവി സുരക്ഷിതമാക്കാം.