delhi-marriage

ഹോളി കഴിഞ്ഞ് ഏപ്രിൽ മുതൽ സെപ്‌തംബർ വരെ ഉത്തരേന്ത്യ വെന്തുരുകുന്ന സമയമാണ്. ഒരു പുൽനാമ്പിന്റെ തണൽ പോലുമില്ലാതെ മരുഭൂമിയിൽ അകപ്പെട്ട അവസ്ഥ. ഉടുപ്പിലും നടപ്പിലും കഴിപ്പിലും മാറ്റങ്ങൾ വരുത്തി ആ കെട്ടകാലത്തെ കൈകാര്യം ചെയ്യാനും ഉത്തരേന്ത്യക്കാർ മിടുക്കരാണ്. നവംബറോടെ ദീപാവലിയെത്തും, ഉത്തരേന്ത്യയാകെ പതുക്കെ തണുപ്പിന്റെ കമ്പിളി പുതയ്ക്കാൻ ആരംഭിക്കും. പിന്നെ കല്യാണങ്ങളുടെ വരവാണ്. വൈകുന്നേരങ്ങളിലാണ് ഇവിടെ വിവാഹങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾ അർദ്ധരാത്രി വരെ നീളും. തണുപ്പിന്റെ അകമ്പടിയോടെ ബാന്റുമേളവും പാട്ടും ഡാൻസുമൊക്കെയായി നഗരം ചുറ്റി കുതിരപ്പുറത്തേറി വരൻ വധുഗൃഹത്തിലെത്തും. കാലമെത്ര മാറിയിട്ടും ഈ 'ബാരാത്ത് ' ശൈലി ഉത്തരേന്ത്യക്കാർ പാരമ്പര്യമായി തുടരുന്നു. കേൾക്കാൻ വളരെ സുഖമുള്ള കാര്യങ്ങളാണെങ്കിലും ഉള്ളിലേക്ക് ഇറങ്ങിയെത്തിയാലറിയാം കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്. കുതിരപ്പുറത്തേറി വധുഗൃഹത്തിലണയാനും വേണം നിങ്ങൾക്ക് ജാതി! സവർണജാതിക്കാർക്ക് മാത്രമേ കുതിരപ്പുറത്തേറിയുള്ള വിവാഹം 'വിധി'ക്കുന്നുള്ളൂവെന്ന് ചുരുക്കം....

എതിർപ്പിന്റെ ഏറ്റുമുട്ടലുകൾ

സ്ഥലം : യു.പിയിലെ കാസ്ഗഞ്ച് ജില്ലയിലെ നിസാംപൂർ ഗ്രാമം. വർഷം 2017 ഒക്ടോബർ . തനിക്ക് വിവാഹത്തിന് 'ബാരാത്ത് (കുതിരപ്പുറത്തേറിയുള്ള വിവാഹ ഘോഷയാത്ര) അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിയായ സഞ്ജയ് കുമാർ എന്ന ദളിത് യുവാവ് യു.പി. പൊലീസിനെ സമീപിച്ചു. ഗ്രാമത്തിലെ തന്നെ ശീതളെന്ന യുവതിയെ വിവാഹം ചെയ്യാൻ ബാരാത്തിൽ വരുമെന്ന് വധുഗൃഹത്തിൽ സഞ്ജയ് ആദ്യം തന്നെ അറിയിച്ചിരുന്നു. എന്നാൽ വിവരം പരസ്യമായതോടെ എതിർപ്പുമായി നാട്ടിലെ സർവമേലാളന്മാർ എത്തി. തൊണ്ണൂറ് ശതമാനം ഠാക്കൂറുകളും പത്തുശതമാനം ദളിതരും ജീവിക്കുന്ന സ്ഥലമാണ് കാസ്ഗഞ്ച്. തന്റെ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു സഞ്ജയ്. വിവാഹം നടത്തിക്കില്ലെന്ന് മറുപക്ഷവും. ഒരു മാസത്തോളം സംഘർഷം നീണ്ടതോടെയാണ് സഞ്ജയ് പൊലീസിനെ സമീപിച്ചത്.

'നടന്നുപോയി കല്യാണം കഴിച്ചാൽ നിനക്കെന്താണ് പ്രശ്‌നം' എന്നായിരുന്നു പൊലീസ് ഏമാന്മാരുടെ ചോദ്യം. തുടർന്ന് സഞ്ജയ് കാസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. നാട്ടിൽ അത്തരമൊരു കീഴ്‌വഴക്കമില്ലാത്തതിനാൽ പുതിയതായി ഒന്നും തുടങ്ങാൻ സാഹസം കാണിക്കേണ്ടന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റായ ആർ.പി. സിംഗിന്റെ ഉപദേശം. വേണമെങ്കിൽ ഗ്രാമത്തിന്റെ അതിർത്തിക്ക് പുറത്ത് കാടിനോട് ചേർന്ന് തുറസായ സ്ഥലത്ത് കല്യാണം നടത്തിക്കോളാനും ബാരാത്തുമായി സവർണരുടെ വീടുന് മുന്നിലൂടെ പോകരുതെന്ന് താക്കീതു ചെയ്യാനും മറന്നില്ല.

സഞ്‌ജയ് പിന്നെ പോയത് അലഹാബാദ് ഹൈക്കോടതിയിലേക്കാണ്. ഇവിടെ എല്ലാവരും സമന്മാരാണെന്ന് വിധിച്ച നീതിപീഠം ബാരാത്തിന് അനുമതി നൽകുകയും വിവാഹത്തിന് പൊലീസ് സുരക്ഷയൊരുക്കണമെന്നും 2018 മാർച്ച് 15 ന് ഉത്തരവിട്ടു. ഏതാണ്ട് ആറുമാസത്തെ പോരാട്ടം. വിവാഹത്തിനുള്ള അനുമതി സംഘടിപ്പിച്ചെങ്കിലും പോരാട്ടങ്ങളുടെ തുടക്കമായിരുന്നു ആ ഉത്തരവ്.

കുതിരപ്പുറത്തേറിയെത്തി

ആയിരത്തോളം പൊലീസിന്റെ സുരക്ഷയിൽ കുതിരപ്പുറത്തേറി തന്നെ സഞ്ജയ് ശീതളിന് വരണമാല്യമണിയിക്കാൻ നിസാംപൂരിലെത്തി. എന്നാൽ അന്ന് ആ ഗ്രാമം മുഴുവൻ നിശ്ചലമായ ദിനമായിരുന്നു. സവർണരായ ഠാക്കൂർ സമുദായം മുഴുവൻ തങ്ങളുടെ വീടുകൾ പൂട്ടി ബന്ധുവീടുകളിലേക്ക് പോയി. ചിലർ ആ ദിവസം മുഴുവൻ വീട്ടിനുള്ളിൽ ചെലവഴിച്ചു. എണ്ണത്തിൽ തുച്ഛമായ സ‌‌‌ഞ്ജയുടെയും ശീതളിന്റെയും സമുദായത്തിൽ നിന്ന് ബന്ധുക്കളിൽ പലരും പങ്കെടുത്തില്ല. പേടി തന്നെ കാരണം.ആര് പങ്കെടുത്താലും ഇല്ലെങ്കിലും വിവാഹം സുന്ദരമായി നടന്നു. വിവാഹം കഴിഞ്ഞ് പൊലീസ് പിരിഞ്ഞുപോയതോടെ ഠാക്കൂർ സംഘം ആക്രമിക്കാൻ സജ്ജരായി ഗ്രാമത്തിൽ അണിനിരന്നു. ജീവഭയത്താൽ അടുത്ത ദിവസം തന്നെ സ‌ഞ്ജയും ശീതളും നഗരത്തിലേക്ക് താമസം മാറ്റി. പിന്നെ ഗ്രാമത്തിലേക്ക് പോയിട്ടില്ല. സഞ്ജയുടെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. ശീതളിന്റെ മാതാപിതാക്കൾ ഗ്രാമത്തിൽ തന്നെയാണ് താമസം. കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഇത്തരമൊരു ഊരാകുടുക്ക് സൃഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും സ‌ഞ്ജയ്‌യെ പരോക്ഷമായെങ്കിലും കുടുംബം കുറ്റപ്പെടുത്തുന്നുണ്ട്.

നിങ്ങളുടെ ബാരാത്തിന്

ഗ്രാമത്തിലേക്ക് പ്രവേശനമില്ല

സഞ്ജയ് പകർന്ന് നൽകിയ ശക്തിയിൽ നിന്ന ഊർജം ഉൾക്കൊണ്ട് യു.പിയിൽ പിന്നെയും ദളിതരുടെ ബാരാത്തുകൾ ഒരുങ്ങി. ബാരാത്തിനും ജാതി നിശ്ചയിക്കുന്നത് യു.പിയിൽ മാത്രമല്ല. ഹരിയാന, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും ഇത് സർവസാധാരണമാണ്. സർവണമേൽകൊയ്മയുള്ള ഗ്രാമങ്ങളിൽ ദളിതന്റെ ബാരാത്തിന് പ്രവേശനമില്ല. ബാൻഡും നൃത്തവുമൊക്കെ ഗ്രാമത്തിന് പുറത്തുവച്ച് വധുഗൃഹത്തിൽ, നടന്നെത്തി വിവാഹം കഴിച്ച് തിരികെ മടങ്ങണമെന്നാണ് അലിഖിത നിയമം.

പഠിച്ചാലും പദവികൾ കൈയാളിയാലും ജാതിക്കോളത്തിൽ നിങ്ങൾ പിന്നിൽതന്നെ എന്നത് തന്നെയാണ് ഇന്ത്യയുടെ അവസ്ഥ. അതിന് ഉദാഹരണമാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ട് കൂടി തറയിലിക്കേണ്ടി വന്ന തമിഴ്‌നാട്ടിലെ തെർക്കുതിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അവസ്ഥ.''ജാതി പറഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കാൻ അനുവദിച്ചില്ല. പതാക ഉയർത്താനും സമ്മതിച്ചില്ല.'' എന്നുപറഞ്ഞ് നിസഹായതോടെ നിൽക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കണ്ടതാണ്.

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിയമം മൂലം തടഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പലഭാഗങ്ങളിലും ഭക്ഷണകാര്യത്തിലടക്കം വിവേചനം നിലനിൽക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഉയർന്ന ജാതിയിൽപ്പെട്ടവർ താമസിക്കുന്നതിനു സമീപത്തുകൂടി പോകുമ്പോൾ താഴ്ന്ന ജാതിക്കാർക്ക് ചെരുപ്പ് ധരിക്കാനും അവകാശമില്ലാത്ത ഗ്രാമങ്ങൾ പോലും ഇന്ത്യയിലുണ്ട്. താഴ്‌ന്ന ജാതിക്കാർ ഉണ്ടാക്കിയ ഭക്ഷണം ഉയർന്ന ജാതിയിലുള്ളവർ കഴിക്കില്ല . ഇവരുപയോഗിച്ച പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തിലുള്ള സവർണജാതി വെറിയിൽ നിന്ന് കേരളവും സമ്പൂർണമായും മുക്തി നേടിയിട്ടില്ല.

ചിലർ മറ്റുള്ളവരെക്കാൾ

കൂടുതൽ തുല്യരാണ് !

രണ്ടാം ലോകമഹായുദ്ധകാലത്ത് ലോകത്ത് അരങ്ങേറിയ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി ജോർജ് ഓർവെൽ തയ്യാറാക്കിയ നോവലായ 'അനിമൽ ഫാമിൽ ' - ''എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാൽ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്'' എന്നൊരു വാചകമുണ്ട്. അക്ഷരാർത്ഥത്തിൽ അതാണ് നമ്മുടെ രാജ്യം. ഉപരിതലത്തിൽ ഏകോദര സോദരരാണ് നമ്മൾ. എന്നാൽ പ്രതലത്തിലെ ആദ്യത്തെ തൊലിമാറ്റിയാൽ ചീറ്റും, ജാതി എങ്ങനെയാണ് ഒരോ ജനവിഭാഗത്തേയും വിവേചനത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നു എന്നതിന്റെ ചീഞ്ഞുനാറിയ കഥകൾ.