ന്യൂഡൽഹി: പുതുവർഷം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത ട്വിറ്ററിൽ പങ്കുവച്ച് കേന്ദ്രസർക്കാർ. മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്നു വിശേഷിപ്പിച്ച് '' അബി തോ സൂരജ് ഉഗ ഹെ '' ( ഇപ്പോഴാണ് സൂര്യൻ ഉദിച്ചത് ' ) എന്ന തലക്കെട്ടിലുള്ള വീഡിയോയാണ് കേന്ദ്രസർക്കാർ ട്വിറ്റർ ഹാൻഡിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് വരികൾ എഴുതിയിരിക്കുന്നതും കവിത ആലപിച്ചിരിക്കുന്നതും. മൈ ഗവൺമെന്റ് ഇന്ത്യ ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി.
കവിതയുടെ വീഡിയോയിൽ മോദി, സൈനികർ, ആരോഗ്യ പ്രവർത്തകർ, കർഷകർ എന്നിവരുടെ ദൃശ്യങ്ങളാണുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും പ്രശ്നപരിഹാരങ്ങളുമെല്ലാം കവിതയിൽ പ്രതിപാദിച്ചിട്ടുണ്ട്. വെല്ലുവിളികളെ മറികടന്ന് പുരോഗതിയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷ കവിതയിലൂടെ പങ്കുവയ്ക്കുന്നു. രാജ്യത്തിന് പുതുവർഷ ആശംസകൾ അറിയിച്ച മോദി ഈ വർഷം എല്ലാവർക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.