red-ants

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കുന്ന കാര്യത്തിൽ ആയുഷ് മന്ത്രാലയം ഡയറക്ടർ ജനറലിനോടും കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനോടും (സി.എസ്.ഐ.ആർ) അഭിപ്രായം തേടി ഒഡിഷ ഹൈക്കോടതി. കൊവിഡ് ചികിത്സയിൽ ചുവന്നുറുമ്പ് ചമ്മന്തി പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് മൂന്നു മാസത്തിനുള്ളിൽ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.

2020 ജൂണിൽ എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാലാണ് കൊവിഡ് ചികിത്സയിൽ ചോനനുറുമ്പ് ചമ്മന്തി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യ ഹർജിയുമായി അദ്ദേഹം കോടതിയെ സമീപിച്ചു. തുടർന്നാണ് പാദിയാലിന്റെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്ത് ഉറുമ്പ് ചമ്മന്തിയുടെ ഔഷധഗുണത്തെ കുറിച്ച് പഠനം നടത്താൻ കോടതി നിർദ്ദേശിച്ചത്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫോർമിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ബി12, സിങ്ക്, അയൺ എന്നിവയാൽ സമ്പുഷ്ടമാണ് ഉറുമ്പ് ചമ്മന്തിയെന്ന് ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാർക്കിടയിൽ ഈ ചമ്മന്തി പ്രചാരത്തിലുണ്ടെന്നും സ്ഥിരമായി ഉപയോഗിക്കുന്നതിനാലാവണം ഗോത്രവർഗക്കാർക്കിടയിൽ കൊവിഡ് വ്യാപനം കുറയുന്നതെന്നും ഈ മേഖലയിൽ വിശദമായ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം ഇക്കാരണത്താലാണെന്നും പാദിയാൽ വിശദീകരിച്ചിട്ടുണ്ട്.

ചോണനുറുമ്പ് ചമ്മന്തി കേരളത്തിലടക്കം ഗോത്രവർഗക്കാർക്കിടയിൽ സാധാരണമാണ്. വിവിധ രോഗങ്ങൾക്കുള്ള ഔഷധമാണിത്. പച്ചമുളക്, ഉറുമ്പ്, ഉപ്പ് എന്നിവ ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. പനി, ചുമ, ചിക്കൻപോക്‌സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ഗോത്രവർഗക്കാർ ഇത് ഉപയോഗിക്കാറുണ്ടെന്നും ഹർജിയിൽ പറയുന്നു.