ന്യൂഡൽഹി: കർഷക നിയമത്തിനെതിരായ സമരം 37ാം ദിവസത്തിലേക്ക് കടക്കവെ, കൊടും തണുപ്പിനെ പ്രതിരോധിക്കാൻ അതിർത്തികളിൽ നൂറുകണക്കിന് ടെന്റുകൾ കെട്ടി കർഷകർ. ഇതോടെ ഡൽഹി അതിർത്തികൾ ടെന്റ് നഗരങ്ങളായി. നിരവധി സാമൂഹിക സംഘടനകൾ സമരഭൂമിയിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ടെന്റുകൾ സ്ഥാപിച്ചു. നേരത്തേതന്നെ ടെന്റുകളുയർന്ന സിംഘുവിന് പുറമെ ടിക്രി, ഗാസിപുർ അതിർത്തികളിലും നൂറുകണക്കിന് പുതിയ ടെന്റുകൾ സ്ഥാപിച്ചു. സമരത്തിൽ സ്ത്രീസാന്നിദ്ധ്യം കൂടുതലുള്ള ടിക്രിയിൽ മെട്രോ പാതക്ക് താഴെയായി റോഡിനിരുവശത്തും ടെന്റുകളുണ്ട്.
വഴിയരികിൽ നിറുത്തിയിട്ട ട്രാക്ടറുകൾക്ക് പിന്നിൽ കോർത്ത വലിയ ട്രോളികളിൽ വൈയ്ക്കോൽ കിടക്കയൊരുക്കി അതിനു മുകളിൽ പഞ്ഞിക്കിടക്ക വിരിച്ച്, ശീതക്കാറ്റ് കയറാതിരിക്കാൻ കമ്പിളിപ്പുതപ്പ് കൊണ്ടു ട്രോളികൾ മറച്ചാണ് പകുതിയിലേറെ കർഷകർ കഴിയുന്നത്. ട്രോളികൾക്ക് പുറത്തിരിക്കുന്നവർക്ക് തീ കായാൻ ടൺ കണക്കിന് വിറക് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ലോറികളിൽ ദിവസേന എത്തിക്കുന്നുണ്ട്. കുളിക്കാനും കുടിക്കാനും വെള്ളം ചൂടാക്കുന്നതിനുമായി ആയിരക്കണക്കിന് ബർണറുകളാണ് (വിറക് അടുപ്പ്) പഞ്ചാബിൽ നിന്നെത്തിച്ചിരിക്കുന്നത്. ഭൂരിഭാഗവും സിഖ് ഗുരുദ്വാരകൾ സംഭാവന ചെയ്തതാണ്.