covid

ന്യൂഡൽഹി: ജനിതകമാറ്റം വന്ന കൊവിഡ് ഇന്ത്യയിൽ നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ പുതിയ കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി. ഇതിൽ മൂന്ന് കേസുകൾ കർണാടകയിലാണ്. ഒന്ന് ഹൈദരാബാദിലെ ലാബിലാണ് സ്ഥിരീകരിച്ചത്.

കർണാടകയിൽ ബ്രിട്ടനിൽ നിന്നെത്തിയ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്കും സമ്പർക്കത്തിലൂടെ ഡോക്ടറിന്റെ അമ്മയ്ക്കും രോഗബാധ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് സമ്പർക്കത്തിലൂടെ ഒരാൾക്ക് പുതിയ വൈറസ് ബാധയുണ്ടാകുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. നേരിയ ലക്ഷണം മാത്രമേയുള്ളൂ. കർണാടകയിലെ പുതിയ വൈറസ് കേസുകൾ പത്തായി ഉയർന്നു.
അതേസമയം രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി 2.54 ലക്ഷമായി കുറഞ്ഞു. 179 ദിവസത്തിന് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 2.54 ലക്ഷമായി കുറഞ്ഞത്. ജൂലായ് 6ന് ചികിത്സയിലുള്ളവരുടെ എണ്ണം 2,53,287 ആയിരുന്നു. ആകെ രോഗബാധിതരിൽ 2.47ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,035 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 23,181 പേർ രോഗമുക്തരായി. 256 പേർ മരിച്ചു. ആകെ രോഗമുക്തർ 99 ലക്ഷത്തോട് അടുത്തു. രോഗമുക്തി നിരക്ക് വർധിച്ച് 96.08 ശതമാനമായി. കഴിഞ്ഞ ഏഴു ദിവസം തുടർച്ചയായി പ്രതിദിന മരണം 300ൽ താഴെയാണ്. രാജ്യത്തെ ആകെ രോഗബാധിതർ 1.03 കോടിയായി. മരണം 1.49 ലക്ഷം കടന്നു.

 ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കൊവിഡ് മുക്തനായി. ഡിസംബർ 13നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.