*താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി
* ജില്ലാ, ബ്ലോക്ക് തലങ്ങളിൽ അഴിച്ചുപണിയുണ്ടായേക്കും.
ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് നേതാക്കൾ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റമുണ്ടാവില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ടു വയ്ക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒറ്റക്കെട്ടായി കോൺഗ്രസിനെ നയിക്കണം. അതേസമയം, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ അഴിച്ചുപണിയുണ്ടായേക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കളെ കണ്ട് താരിഖ് അൻവർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ജനുവരി നാലിന് താരിഖ് അൻവർ വീണ്ടും കേരളത്തിലെത്തി രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി തുടങ്ങിയവരുമായും ഹൈക്കമാൻഡ് നിയോഗിച്ച എ.ഐ.സി.സി സെക്രട്ടറിമാരുമായും ചർച്ച നടത്തും. ബൂത്ത് തലം മുതലുള്ള പ്രവർത്തനം ശക്തിപ്പെടുത്തും. ഉമ്മൻചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനാക്കുന്നതിൽ കൂടുതൽ ചർച്ചകൾ നടക്കും.
എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് താരിഖ് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉമ്മൻചാണ്ടിയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കും. യു.ഡി.എഫ് കൺവീനർ എം.എം ഹസനെതിരെ എം.പിമാരുടെയും എം.എൽ.എമാരുടെയും പരാതി ലഭിച്ചെന്ന വാർത്തകൾ അദ്ദേഹം തള്ളി.