നൂഡൽഹി:ഇന്ത്യയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് ഉടൻ തുടങ്ങാൻ കളമൊരുക്കി, ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസെനക മരുന്ന് കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിന് അനുമതി നൽകാൻ കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തു. ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കും. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്സിനാണിത്.
ബ്രിട്ടനിൽ ഈ മാസം നാല് മുതൽ കൊവിഷീൽഡ് കുത്തിവയ്പ് തുടങ്ങും.
കൊവിഷീൽഡ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതും നിർമ്മിക്കുന്നതും പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡിസംബർ ആറിനാണ് ഇൻസ്റ്റിറ്റ്യൂട്ട് അനുമതിക്കായി അപേക്ഷിച്ചത്. കൊവിഷീൽഡ് സുരക്ഷിതമാണെന്നും മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുമെന്നും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി യോഗം വിലയിരുത്തി.
ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ. സി. എം. ആറുമായി സഹകരിച്ച് തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിനും ഉടൻ അനുമതി ലഭിച്ചേക്കും. അടിയന്തര അനുമതിക്ക് അപേക്ഷിച്ച ഫൈസർ ഇന്ത്യ ഡേറ്റ അവതരണത്തിന് കൂടുതൽ സമയം തേടി.
കൊവിഷീൽഡ് വാക്സിൻ
ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചത്. പല രാജ്യങ്ങളും ഉപയോഗിക്കുന്ന ഫൈസർ വാക്‌സിൻ സൂക്ഷിക്കാൻ മൈനസ് 70 ഡിഗ്രി തണുപ്പ് വേണമെന്നിരിക്കെ, കൊവിഷീൽഡ് രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. രണ്ട് ഡോസ് കുത്തിവച്ചാൽ 70 ശതമാനമാണ് ഫലപ്രാപ്തി. രണ്ട് ഡോസുകൾ തമ്മിൽ രണ്ട് മൂന്നോ മാസത്തെ ഇടവേള നൽകിയാൽ 90 - 95 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.
അഞ്ച് കോടിയോളം ഡോസ് വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചു. കേന്ദ്രസർക്കാർ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്‌സിൻ വാങ്ങാൻ കരാർ ഒപ്പിട്ടിട്ടില്ല. ഇന്ത്യയിലെ ആവശ്യത്തിനാണ് മുൻഗണനയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിലും റിഹേഴ്‌സൽ
വാക്‌സിനേഷന്റെ തയാറെടുപ്പുകൾ പരിശോധിക്കാനുള്ള ഡ്രൈ റൺ ഇന്ന് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നടക്കും. ആന്ധ്ര, ഗുജറാത്ത്,അസം, പഞ്ചാബ് സംസ്ഥാനങ്ങളിലെ ആദ്യ ഡ്രൈ റൺ വിജയമായിരുന്നു. കേരളത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റൺ. തിരഞ്ഞെടുപ്പ് മാതൃകയിൽ ബൂത്ത് തലം മുതലുള്ള തയാറെടുപ്പുകളാണ് ലോകത്തെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പ്രക്രിയയ്ക്കായി നടത്തുന്നത്. വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.