hathras-case

ന്യൂഡൽഹി: കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌രസിലെ ദളിത് പെൺകുട്ടിയെ അർദ്ധരാത്രിയിൽ തന്നെ ദഹിപ്പിക്കാൻ നിർദേശം നൽകി വിവാദത്തിലായ ജില്ലാ മജിസ്ട്രേറ്റിനെ മിർസാപ്പൂരിലേക്ക് സ്ഥലമാറ്റി. ഹാഥ്‌രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലസ്‌കറിനെയാണ് മറ്റ് 16 ഐ.എ.എസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം മാറ്റിയത്. യു.പി ജൽ നിഗം മുൻ മാനേജിംഗ് ഡയറക്ടർ രമേശ് രഞ്ജനാണ് പുതിയ ജില്ലാ മജിസ്ട്രേറ്റ്.

കഴിഞ്ഞ സെപ്തംബർ 14നാണ് ഹാഥ്‌രസ് ഗ്രാമത്തിലെ 19കാരിയായ ദളിത് പെൺകുട്ടി സവർണജാതിക്കാരായ നാല് പേരുടെ പീഡനത്തിന് ഇരയാകുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം അലിഘട്ടിലും തുടർന്ന് ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 29ന്‌ പുലർച്ചയോടെ മരിച്ചു. അന്ന് ഒട്ടേറെ പ്രതിഷേധങ്ങൾക്കിടെ അർദ്ധരാത്രിയിൽ മൃതദേഹം ഡൽഹിയിൽ നിന്ന് യു.പിയിലേക്കെത്തിച്ച പൊലീസ്, അന്ത്യകർമങ്ങൾ പോലും നടത്താൻ അനുവദിക്കാതെ ദഹിപ്പിക്കുകയായിരുന്നു.

അതിന് നിർദേശം നൽകിയത് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലസ്കറാണെന്നും പൊലീസ് അറിയിച്ചു. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്ട്രേറ്റ് പരാതി പിൻവലിക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. മാദ്ധ്യമങ്ങൾ ഇന്നും നാളെയുമായി ഇവിടെനിന്ന്‌ പോകുമെന്നും ഞങ്ങൾ മാത്രമേ നിങ്ങളോടൊപ്പം ഉണ്ടാകുകയുള്ളൂവെന്നും പെൺകുട്ടിയുടെ കുടുംബത്തോട്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ പറഞ്ഞിരുന്നു. സംഭവത്തിൽ അലഹാബാദ് ഹൈക്കോടതി ലസ്കറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.