ന്യൂഡൽഹി: ആന്ധാപ്രദേശ് ഹൈക്കോടതിയും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സർക്കാരും തമ്മിലുള്ള ഭിന്നത മുറുകുന്നതിനിടെ ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റം. ആന്ധ്രാഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരിയെ സിക്കിം ഹൈക്കോടതിയിലേക്കും അവിടുത്തെ ചീഫ് ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമിയെ ആന്ധ്ര ഹൈക്കോടതിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, മുതിർന്ന ജസ്റ്റിസുമാരായ എൻ.വി. രമണ, രോഹിംഗ്ടൻ നരിമാൻ എന്നിവരടങ്ങിയ കൊളീജിയമാണ് ഡിസംബർ 14ന് സ്ഥലംമാറ്റം ശുപാർശ ചെയ്തത്. ഇതിന് കേന്ദ്രം അനുമതി നൽകി.
അമരാവതിയിലെ ഭൂമി കുംഭകോണ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ ഹൈക്കോടതി വിലക്കിയതോടെയാണ് രണ്ടു മാസം മുമ്പ് ജഗനും ഹൈക്കോടതിയും തമ്മിൽ തർക്കം ആരംഭിച്ചത്. മുൻ അഡ്വക്കേറ്റ് ജനറൽ ധമ്മൽപതി ശ്രീനിവാസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് രമണയുടെ രണ്ടു പെൺമക്കളും ഈ കുംഭകോണ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക് ഹൈക്കോടതി തടയിടുകയാണെന്ന് ആരോപിച്ച് ജഗൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഈ കത്ത് ജഗന്റെ മുഖ്യ ഉപദേഷ്ടാവ് അജെയ കല്ലം മാദ്ധ്യമങ്ങൾക്ക് നൽകിയതോടെ സംഭവം വിവാദമായി.
ജസ്റ്റിസ് രമണക്കെതിരായ ആരോപണം
സത്യവാങ്മൂലമായി സമർപ്പിക്കാൻ നിർദേശം
സുപ്രീംകോടതി ജസ്റ്റിസ് എൻ.വി രമണയ്ക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ സത്യവാങ്മൂലമായി നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാലുമാസത്തിന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷിക്കുന്ന ജസ്റ്റിസ് എൻ.വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അയച്ച കത്താണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പരിശോധിക്കുന്നത്. പരാതി സത്യവാങ്മൂലമായി നൽകാൻ ആവശ്യപ്പെട്ടതോടെ ഒരു കേസായി തന്നെ ഇത് ചീഫ് ജസ്റ്റിസ് പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ആരോപണത്തിൽ ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടിയും ചീഫ് ജസ്റ്റിസ് തേടിയിട്ടുണ്ട്.
ഹിമ കോഹ്‌ലി തെലങ്കാന ചീഫ് ജസ്റ്റിസ്
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.സി ചൗഹാനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് ഹിമ കോഹ്‌ലി തെലങ്കാന ഹൈക്കോടതിയിലും ജസ്റ്റിസ് എസ്. മുരളീധർ ഒറിസ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരാകും. കൽക്കത്ത ഹൈക്കോടതി ജഡ്ജി സഞ്ചീബ് ബാനർജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും