ന്യൂഡൽഹി: നാല്പത്തഞ്ചിലധികം പേരെ കബളിപ്പിച്ച് രണ്ടരകോടിയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ നിന്നെത്തിയ ഉമേഷ് വർമ്മയാണ് വെള്ളിയാഴ്ച ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായത്.
2017ൽ ഉമേഷും മകൻ ഭാരത് വർമയും ചേർന്ന് വെർച്വൽ കറൻസി ഇടപാട് നടത്തുന്നതിനായി പ്ലൂട്ടോ എക്‌സ്‌ചേഞ്ചിന്റെ പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ആളുകൾക്ക് ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിനുകൾ വാങ്ങുകയോ വിൽക്കുകയോ ശേഖരിക്കുകയോ ചെയ്യാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. 45ഓളം നിക്ഷേപകരാണ് ഇവർക്ക് ഉണ്ടായിരുന്നത്.
നിരവധിപേർ ഇവരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചെത്തി. എന്നാൽ നിക്ഷേപകരുടെ ബിറ്റ് കോയിൻ വില ഇടിഞ്ഞു, നിരവധി ബാങ്ക് അക്കൗണ്ടുകൾ ഇവർ പിടിച്ചെടുത്തു. തുടർന്നാണ് നിക്ഷേപകർ ഉമേഷ് വർമ്മയ്‌ക്കെതിരെ പരാതി നൽകിയത്. ഒളിവിൽ പോയ ഉമേഷ് പ്ലൂട്ടോ എക്‌സ്‌ചേഞ്ചിന്റെ ഓഫീസുകൾ ദുബായിലേക്ക് മാറ്റുകയും അവിടെയും സമാനമായ തട്ടിപ്പുകൾ നടത്തുകയും ചെയ്തു. ദുബായിൽ നിന്നും ഉമേഷിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലും ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.