farmer

 മാളുകളും പെട്രോൾ പമ്പുകളും അടപ്പിക്കും, രാജ്‌ഭവനിലേക്ക് മാർച്ച്

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ങ്കനാലിന് ശേഷം സമരം ശക്തമാക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാരുമായുള്ള ഏഴാംഘട്ട ചർച്ച. ഈ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടപ്പിച്ചുള്ള സമരം അന്ന് പ്രഖ്യാപിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും രാജ് ഭവനിലേക്ക് മാർച്ച് നടത്തും.

ഹരിയാന - രാജസ്ഥാൻ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്രയാദവ് അറിയിച്ചു. ചർച്ച പരാജയപ്പെട്ടാൽ ജനുവരി ആറിന് ഡൽഹി അതിർത്തിയിൽ ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷക നേതാവ് യുവധീർ സിംഗ് അറിയിച്ചു.

പ്രശ്‌നപരിഹാരത്തിനായി ബദൽനിർദ്ദേശം സമർപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന കർഷക സംഘടനകൾ തള്ളി. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ചർച്ചയ്ക്കുള്ള സാദ്ധ്യതകളടയുമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.

തലസ്ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ചുമത്തുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ കേന്ദ്രം ആറാംഘട്ട ചർച്ചയിൽ അംഗീകരിച്ചിരുന്നു. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ സുപ്രധാന ആവശ്യങ്ങളിൽ ജനുവരി നാലിന് കൂടുതൽ ചർച്ച നടത്താമെന്ന ധാരണയോടെയാണ് കഴിഞ്ഞദിവസത്തെ ചർച്ച അവസാനിപ്പിച്ചത്. ആവശ്യം പരിഗണിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം നിർദ്ദേശിച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല.

ഒരു കർഷകൻ കൂടി മരിച്ചു

താപനില 1.1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടും വിട്ടുവീഴ്ചയില്ലാതെ ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ സമരം തുടരുന്നതിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഡൽഹി- യു.പി അതിർത്തിയായ ഗാസിപ്പുരിൽ യു.പിയിലെ ഭാഗ്പതിൽ നിന്നുള്ള 57കാരനായ ഗൽതാൻസിംഗാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മകൻ മോനുവിനൊപ്പമാണ് ഗൽതാൻ സിംഗ് സമരത്തിനെത്തിയത്.

പുതുവത്സരത്തിന്റെ ഭാഗമായുള്ള ശുചീകരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. പിന്നീട് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതുവരെ മുപ്പതിലേറെ കർഷകരാണ് സമരത്തിനിടെ കടുത്ത തണുപ്പിലും മറ്റുമായി മരിച്ചത്.