ന്യൂഡൽഹി: പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആണവോർജ പ്ലാന്റുകളടക്കമുള്ള വിവരങ്ങൾ കൈമാറി. ആണവ ആക്രമങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളെയും വിലക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കരാറിന്റെ ഭാഗമായാണിത്. കഴിഞ്ഞ 30 വർഷമായി ഇതു തുടരുന്നു. ഇരു രാജ്യങ്ങളിലെയും ആണവകേന്ദ്രങ്ങളുടെ വിവരങ്ങൾ കൈമാറിയ വിവരം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
ഡൽഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര ചാനലുകൾ വഴിയാണ് നടപടി പൂർത്തിയാക്കിയത്. കാശ്‌മീർ, അതിർത്തി സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറിയെന്നും ശ്രദ്ധേയമാണ്. 1988ലാണ് കരാർ നിലവിൽ വരുന്നത്. 1991ൽ പ്രാബല്യത്തിലായി.