covid-vaccine-

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ മൂന്ന് മുൻഗണനാവിഭാഗങ്ങളിലായി 30 കോടി പേർക്കാണ് കുത്തിവയ്‌ക്കുക. ഇതിൽ ഒരു കോടിയും ആരോഗ്യപ്രവർത്തകരാണ്. രണ്ട് കോടി ആളുകൾ പൊലീസ് ഉൾപ്പെടെയുള്ള കൊവിഡ് മുന്നണി പോരാളികളാണ്. 50 വയസിന് മുകളിലുള്ളവരും, മറ്റു അസുഖങ്ങളുള്ള 50 വയസിന് താഴെയുള്ളവരുമാണ് ശേഷിക്കുന്ന 27 കോടിയും.

ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്‌പ്. ഇവരിൽ 11 ലക്ഷത്തോളം എം.ബി.ബി.എസ് ഡോക്ടർമാർ, എട്ട് ലക്ഷം ആയുഷ് ഡോക്ടർമാർ, 15 ലക്ഷം നഴ്‌സുമാർ, പത്ത് ലക്ഷം ആശ വർക്കർമാർ എന്നിവരും ആംബുലൻസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങി എട്ട് ലക്ഷത്തോളം അനുബന്ധ പ്രവർത്തകരും ഉൾപ്പെടുന്നു. കൂടാതെ മറ്റ് മുന്നണി പ്രവർത്തകരായ
പൊലീസും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടെ 45 ലക്ഷം പേർക്കും സായുധവിഭാഗങ്ങളിലെ 15 ലക്ഷം പേർക്കും മുനിസിപ്പൽ വർക്കർമാർ, പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവർമാർ, അദ്ധ്യാപകർ, ശുചീകരണ തൊഴിലാളികൾ, മറ്റ് അവശ്യ ജീവനക്കാർ തുടങ്ങിയവർക്കും വാക്സിൻ കുത്തിവയ്‌ക്കും.