vaccin

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 1,14100 വാക്‌സിനേറ്റർമാർക്ക് പരിശീലനം നൽകിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിൻ സ്വീകരിക്കേണ്ട 75 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ കൊ-വിൻ സോഫ്ട്‌വെയറിൽ അപ്‌ലോഡ് ചെയ്തു. വാക്സിൻ കുത്തിവയ്പിന് ആവശ്യമുള്ള സിറിഞ്ചും സംഭരണത്തിനുള്ള കോൾഡ് ചെയിൻ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി.
പരിശീലകർക്കുള്ള ദേശീയതല പരിശീലനത്തിൽ 2,360 പേരാണ് പങ്കെടുത്തത്.

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർമാർ, വാക്‌സിൻ നൽകുന്നവർ, ശീതീകരണ ശൃംഖലയിൽ ഉള്ളവർ, ഡാറ്റാ മാനേജർമാർ, ആശാ കോ-ഓർഡിനേറ്റർമാർ എന്നിവർക്കായി വിശദമായ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. വാക്‌സിനേഷൻ നിർവഹണം, വാക്‌സിനേഷൻ നടപടികൾക്കായുള്ള കൊ-വിൻ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം, ആശയവിനിമയം, മേഖലകൾ തമ്മിലുള്ള ഏകോപനം, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയവയിലാണ് പരിശീലനം. കൊവിഡ് വാക്‌സിനേഷൻ, കൊ-വിൻ പോർട്ടൽ എന്നിവ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് ദേശീയതലത്തിൽ 1075, സംസ്ഥാനതലത്തിൽ 104 ഹെൽപ്പ് ലൈൻ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്.