ന്യൂഡൽഹി:ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ പ്രക്രിയയുടെ പൂർണ മേൽനോട്ടം കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (കൊ-വിൻ) എന്ന ഡിജിറ്റൽ ശൃംഖല വഴിയാണ്.
സാർവത്രിക വാക്‌സിനേഷൻ മേൽനോട്ടത്തിന് യു.എൻ.ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം വികസിപ്പിച്ച ഇ-വിൻ ആപ്ലിക്കേഷൻ പരിഷ്‌കരിച്ചതാണ് കൊ-വിൻ പ്ലാറ്റ്‌ഫോം. 2015 മുതൽ ഇ-വിൻ ഉപയോഗിച്ചാണ് സാർവത്രിക വാക്‌സിനേഷൻ പദ്ധതികൾക്ക് കേന്ദ്രസർക്കാർ മേൽനോട്ടം നടത്തുന്നത്.
കൊ-വിൻ ആപ്പിൽ വാക്സിൻ സംഭരണം, വിതരണം, കടത്ത്, ഡോസ് ഷെഡ്യൂൾ തുടങ്ങി വാക്സിനേഷന്റെ എല്ലാഘട്ടങ്ങളും തത്സമയം നിരീക്ഷിക്കാം. രാജ്യത്തെ 29,000ത്തോളം ശീതീകരണ കേന്ദ്രങ്ങളിലെയും വാക്സിന്റെ സ്റ്റോക് വിവരം അറിയാം. സ്റ്റോക്ക് കുറഞ്ഞ് വാക്സിന് ക്ഷാമം വരാതെ നോക്കാം. ശീതീകരണികളിലെ താപനില തൽക്ഷണം നിരീക്ഷിക്കാം. വൈദ്യുതി തടസം കാരണം താപനിലയിൽ വ്യതിയാനം ഉണ്ടായി വാക്സിൻ കേടാകുന്നത് തടയാം.
കൊവിൻ വെബ്‌സൈറ്റിൽ ആളുകൾക്ക് വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖകൾ, ബാങ്ക് , പോസ്റ്റോഫീസ് ബുക്ക്, പാൻകാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷ്വറൻസ് കാർഡ് തുടങ്ങി 12 തിരിച്ചറിയിൽ രേഖകളിൽ ഏതെങ്കിലും രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്റ്റർ ചെയ്‌തവർക്ക് കുത്തിവയ്പ്പിന്റെ സ്ഥലവും തീയതിയും സമയവും ഉൾപ്പെടെയുള്ള ഷെഡ്യൂൾ അറിയാം. ഈ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കും. മരുന്ന് കുത്തിവയ്‌ക്കുന്ന വാക്സിനേറ്റർമാരുടെ വിവരങ്ങളും അറിയാം. രണ്ട് ഡോസും കുത്തിവച്ചു കഴിയുമ്പോൾ ആപ്പിൽ അതത് വ്യക്തിയുടെ ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. അത് ഡിജി ലോക്കറിൽ സേവ് ചെയ്ത് സൂക്ഷിക്കാം. ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 50 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നീ നാല് മുൻഗണനാ വിഭാഗങ്ങളുടെയും ഡേറ്റ ആപ്പിൽ ഉണ്ടാവും. ആദ്യം കുത്തിവയ്പ് നൽകേണ്ട ആരോഗ്യപ്രവർത്തകരുടെ ലിസ്റ്റ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾ നൽകുന്ന ഈ ഡേറ്റയാണ് ആദ്യം കൊവിനിൽ അപ്‌ലോഡ് ചെയ്യുക.
തിരഞ്ഞെടുപ്പ് മാതൃകയിൽ ബൂത്ത് തലം മുതലുള്ള ഒരുക്കങ്ങളാണ് വാക്സിൻ വിതരണത്തിനും കേന്ദ്രം നടത്തിയത്. നിശ്ചിത കേന്ദ്രങ്ങളിൽ വിവിധ സെഷനുകളായാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. ഓരോ കേന്ദ്രത്തിലും പരിശീലനം ലഭിച്ച വാക്സിനേറ്റർ മാർ ഉൾപ്പെടെ അഞ്ചു വോളന്റിയർമാരുണ്ടാവും. ഒരു സെഷനിൽ 100 പേർക്കാണ് കുത്തിവയ്‌പ്. സാഹചര്യത്തിനനുസരിച്ച് 200 പേർക്ക് വരെ കുത്തിവയ്‌പ് നൽകാൻ സൗകര്യമുണ്ടാവും. വാക്സിൻ കുത്തിവച്ച ശേഷം 30 മിനിട്ട് നിരീക്ഷിക്കും. ഗുരുതര പാർശ്വഫലങ്ങൾ കണ്ടാൽ നിരീക്ഷണത്തിന് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.