ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ബൂട്ടാസിംഗ് (86) അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ അബോധാവസ്ഥയിലായിരുന്നു.
2004 മുതൽ 2006വരെ ബീഹാർ ഗവർണർ പദവി വഹിച്ചു. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ബൂട്ടാസിംഗ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാർക്ക് കീഴിൽ കേന്ദ്രമന്ത്രിയായി.1986 മുതൽ 1989വരെ ആഭ്യന്തരമന്ത്രിയായി. കൃഷി, പാർലമെന്ററികാര്യം, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളും വിവിധ കാലയളവിൽ വഹിച്ചിട്ടുണ്ട്. 2007 മുതൽ 2010 വരെ കാബിനറ്റ് റാങ്കോടെ ദേശീയ പട്ടിക ജാതി കമ്മിഷൻ ചെയർമാനായി. രാജസ്ഥാനിലെ ജലോറിൽ നിന്ന് എട്ടുതവണ ലോക്‌സഭയിലെത്തി. 2009ൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1998ൽ ജെ.എം.എം അഴിമതി കേസിൽ ആരോപണവിധേയനായി. 2005ൽ ഗവർണറായിരിക്കെ ബീഹാർ നിയമസഭാ പിരിച്ചുവിട്ട നടപടി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി.
കമ്മ്യൂണിസ്റ്റായി തുടങ്ങി പിന്നീട് അകാലിദളിലും തുടർന്ന് കോൺഗ്രസിലും എത്തിയ രാഷ്ട്രീയ ജീവിതം.
കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രമുഖ ദളിത് മുഖമായിരുന്നു ഭൂട്ടാസിംഗ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.ഗ്യാനി സെയിൽസിംഗിനൊപ്പം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു. പഞ്ചാബിലെ ജലന്ധറിൽ 1934 മാർച്ച് 21ന് ജനനം. ഭാര്യ മഞ്ജീത് കൗർ. ഡൽഹിയിലെ കോൺഗ്രസ് നേതാവ് അർവീന്ദർ സിംഗ് ലൗലി മകനാണ്.
രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവർ അനുശോചിച്ചു.