തീരുമാനമെടുക്കാൻ സമയമായെന്ന് സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന് അന്ത്യശാസനവുമായി കർഷകർ. നാളെ നടക്കുന്ന ഏഴാംഘട്ട ചർച്ചയിലും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയാറാകുന്നില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് കിസാൻ പരേഡ് നടത്തും. രാജ്പഥിൽ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് സമാപിച്ച ശേഷമായിരിക്കും ട്രാക്ടറുകളും ട്രോളികളും മറ്റു വാഹനങ്ങളുമായി ഡൽഹിയിലേക്ക് മാർച്ച് തുടങ്ങുക.
38 ദിവസം പിന്നിടുന്ന കർഷക സമരത്തിൽ ഒരു തീരുമാനത്തിന് സമയമായെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു വഴിയാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കുക, അല്ലെങ്കിൽ കർഷകരെ ബലം പ്രയോഗിച്ച് നീക്കുക. സമാധാനപരമായ സമരത്തിന് മാത്രമേ താത്പര്യമുള്ളൂവെന്നും നേതാക്കൾ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ആറിന് കുണ്ട്ലി - മനേസർ - പൽവൽ ദേശീയപാതയിൽ ആയിരത്തിലേറെ ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തും. അന്ന് തന്നെ രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ ജയ്പൂർ ദേശീയപാതയിൽ ഹാജഹാൻപുരിൽ രണ്ടാഴ്ചയിലേറെയായി ഉപരോധം നടത്തുന്ന കർഷകർ പൊലീസ് ബാരിക്കേഡുകൾ ബലമായി നീക്കി ഡൽഹിയിലേക്ക് മാർച്ച് തുടങ്ങും. കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ വ്യാജപ്രചാരണം തുറന്നു കാട്ടാൻ രണ്ടാഴ്ച നീളുന്ന ദേശ് ജാഗ്രിതി അഭിയാൻ പ്രചാരണ പരിപാടിയും ആറിനു തുടങ്ങും. ഇതിന്റെ ഭാഗമായി രാജ്യമെങ്ങും റാലികളും ധർണകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. മകരസംക്രാന്തിദിനം കിസാൻ സങ്കൽപ് ദിവസമായും ജനുവരി 18ന് മഹിള കിസാൻ ദിനവും ആചരിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികമായ 23ന് ആസാദ് ഹിന്ദ് കിസാൻ ദിനമായി ആചരിച്ച് സംസ്ഥാന വ്യാപമാകമായി രാജ്ഭവനുകൾക്ക് മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും. നേതാക്കളായ ദർശൻപാൽ സിംഗ് ബൽബീർ സിംഗ് രജേവാൾ, ഗുർണാം സിംഗ് ചാദുനി, അശോക് ധാവ്ളെ, ജഗ്ജീത് സിംഗ് ദല്ലേവാൾ, അഭിമന്യു കോഹഡ്, യോഗേന്ദ്ര യാദവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കർഷകൻ ആത്മഹത്യ ചെയ്തു
കർഷകസമരത്തിനിടെ ഒരു കർഷകനെ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യു.പി ഡൽഹി അതിർത്തിയിലെ ഗാസിപ്പൂരിലെ സമരത്തിൽ പങ്കെടുത്ത 72കാരനെയാണ് താത്കാലിക ടോയ്ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാംപുർ ജില്ലയിൽ നിന്നുള്ള കർഷകനാണ്. പഞ്ചാബിയിലെഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയ കത്തിൽ സമരകേന്ദ്രത്തിൽ തന്നെ സംസ്കരിക്കണമെന്ന് എഴുതിയിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഷംഷേർ റാണ പറഞ്ഞു. അതേസമയം മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഭാഗ്പതിൽ നിന്നുള്ള 57 കാരനായ കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് ഇവിടെ മരിച്ചിരുന്നു. നേരത്തെ കർഷകരുടെ ആവശ്യം അംഗീകരിക്കാത്തതിൽ സിഖ് പുരോഹിതൻ സ്വയം വെടി വച്ച് ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു കർഷകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.