ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്പ് ഉടൻ ആരംഭിക്കുമെന്നിരിക്കെ, വാക്സിൻ വിതരണ തയാറെടുപ്പുകളുടെ പ്രവർത്തന സാദ്ധ്യത വിലയിരുത്താനുള്ള ഡ്രൈ റൺ വിജയകരമായി എല്ലാ സംസ്ഥാനങ്ങളിലും നടന്നു. 125 ജില്ലകളിലായി 285 സ്ഥലങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്.
ഡൽഹിയിൽ ഡ്രൈ റൺ നടന്ന ജി.ടി.ബി ആശുപത്രിയിലും അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തി. ഒഡിഷയിൽ 30 ജില്ലകളിലായി 31 ഇടങ്ങളിലും ആന്ധ്രയിൽ 13 ജില്ലകളിലും മഹാരാഷ്ട്രയിൽ ജൽന, നാഗ്പുർ, പൂനെ തുടങ്ങി നാലു ജില്ലകളിലും മോക് ഡ്രിൽ നടന്നു.
കർണാടകയിൽ ബംഗളൂരു, മൈസൂരു, ബെലഗാവി, ശിവമോഗ, കൽബുർഗി എന്നിവിടങ്ങളിലാണ് നടന്നത്.
തമിഴ്‌നാട്ടിൽ ചെന്നൈ, തിരുവള്ളുവർ, നീൽഗിരി, തിരുനെൽവേലി ജില്ലകളിൽ മൂന്ന് കേന്ദ്രങ്ങളിലും കോയമ്പത്തൂരിൽ 5 കേന്ദ്രങ്ങളിലും ട്രയൽ റൺ നടന്നു. യു.പിയിലെ ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ ജനുവരി 5ന് ഡ്രൈ റൺ നടത്തും.
വാക്സിൻ സംഭരണം, വിതരണം, കൊ-വിൻ ആപ്പിന്റെ പ്രവർത്തനം, വാക്സിനേഷൻ, അടിയന്തര സാഹചര്യത്തെ നേരിടൽ തുടങ്ങി വാക്‌സിൻ വിതരണത്തിന്റെ മുഴുവൻ ഘട്ടങ്ങളുടെയും പ്രവർത്തന സാദ്ധ്യതയാണ് ഡ്രൈ റണ്ണിലൂടെ വിലയിരുത്തിയത്. ഓരോ കേന്ദ്രത്തിലും 25 പേർക്കാണ് ഡമ്മി വാക്സിന് നൽകിയത്. ചില സംസ്ഥാനങ്ങളിൽ വിദൂര പ്രദേശങ്ങളിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മേഖലകളിലടക്കം മോക് ഡ്രിൽ നടത്തി.
ഡൽഹിയിൽ വാക്സിൻ സൗജന്യം
ഡൽഹിയിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഡ്രൈ റണ്ണിന് ശേഷം ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം ഒരു ലക്ഷം പേർക്ക് വീതം വാക്സിൻ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ 51 ലക്ഷം പേർക്ക് വാക്സിൻ നൽകും.
ഡൽഹിയിൽ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. വാക്സിൻ സൂക്ഷിക്കുന്നതു മുതൽ മരുന്നു നൽകുന്നതടക്കമുള്ള ഒരുക്കങ്ങൾ സജ്ജമായി. ആയിരം കേന്ദ്രങ്ങളിലായി ഇതു നൽകും. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിങ്ങനെ മൂന്നു തരം കേന്ദ്രങ്ങൾ വാക്സിൻ നൽകാൻ സജ്ജമാക്കിയെന്നും അദ്ദേഹം അറിയിച്ചു.