flight

 ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസ് ആറ് മുതൽ

ന്യൂഡൽഹി: ജനിതകമാറ്റം വന്ന കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനും സ്വന്തം ചെലവിലുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർബന്ധമാക്കി. നെഗറ്റീവ് ടെസ്റ്റ് റിസൽട്ടുമായി വരുന്നവർക്കും 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവ‌ർക്ക് വിവിധ സംസ്ഥാന സർക്കാരുകൾ ക്വാറന്റൈൻ സംവിധാനം ഒരുക്കണം. കൊവിഡിന്റെ പുതിയ വകഭേദമാണെങ്കിൽ പ്രത്യേക ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറ്റണം. സമ്പർക്കത്തിൽ ഏർപ്പെട്ടവരും ഐസൊലേഷനിലേക്കോ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ മാറണം.

ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് ഇന്ത്യയിൽ നിന്ന് ആറ് മുതൽ പുനരാരംഭിക്കും. എട്ടിന് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസും തുടങ്ങും. ഇരുരാജ്യങ്ങളിൽ നിന്നും ആഴ്ചയിൽ 15 വീതം സർവീസുകളാണുണ്ടാകുക. ജനുവരി 23വരെയാണ് നിയന്ത്രണം.ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്ന് മാത്രമേ സർവീസുകളുണ്ടാകൂ. ട്രാൻസിറ്റ് വിമാനത്താവളങ്ങൾ വഴി ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്ക് വരാനാകില്ല.