delhi-gutka-factory-raid

ന്യൂഡൽഹി: ഡൽഹിയിലെ ഗുഡ്ക ഫാക്ടറിയിൽ 831 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ജി.എസ്.ടി വകുപ്പ് ഡൽഹി ബുദ്ധ് വിഹാറിലെ ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ഫാക്ടറിയിലെ യന്ത്രങ്ങളും ഉത്പന്നങ്ങളും ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ ഫാക്ടറി ഉടമയെ ജി.എസ്.ടി നിയമപ്രകാരം അറസ്റ്റ് ചെയ്തു.

രജിസ്‌ട്രേഷനില്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു നികുതിയും ഇവർ അടച്ചിരുന്നില്ല. ഏകദേശം 65 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇൻവോയ്‌സ് പോലും ഇല്ലാതെയാണ് അസംസ്‌കൃത വസ്തുക്കൾ വാങ്ങിയിരുന്നത്. ഉത്പന്നങ്ങൾ വിറ്റഴിച്ചതിനും രേഖകളില്ലായിരുന്നു.

ഫാക്ടറിയുടെ പ്രവർത്തനം അനധികൃതമാണെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും ബോധ്യപ്പെതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾക്കും വിപണിയിൽ 4.14 കോടി രൂപ വിലവരും. അറസ്റ്റിലായ ഫാക്ടറി ഉടമയെ പട്യാല കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.