ന്യൂഡൽഹി: കൊവിഡ് പോരാട്ടത്തിൽ രാജ്യത്തിന്റെ അഭിമാനാർഹ നേട്ടം പ്രഖ്യാപിച്ച്, രണ്ടു വാക്സിനുകളുടെ ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അന്തിമാനുമതി. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനക കമ്പനിയും ചേർന്ന് വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നിർമ്മിക്കുന്ന കൊവിഷീൽഡ്, ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ എന്നിവ അടിയന്തര ഘട്ടങ്ങളിൽ ഉപാധികളോടെ ഉപയോഗിക്കാനാണ് അനുമതി.
രണ്ടു വാക്സിനുകളുടെയും ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്രാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തതിനെ തുടർന്നാണ് അനുമതിയെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ വി.ജി. സൊമാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ളിനിക്കൽ ട്രയൽ രീതിയിൽ നിശ്ചിത വിഭാഗം ആളുകളിൽ അതീവ ജാഗ്രതയോടെയായിരിക്കും വാക്സിൻ ഉപയോഗം അനുവദിക്കുക. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കൊവിഡ് വാക്സിന് ആദ്യമായി അടിയന്തര അനുമതി നൽകിയ ഇന്ത്യയുടെ നടപടി ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.
ഇന്ത്യയിൽ 1600 പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ 70.42 ശതമാനം ഫലപ്രാപ്തി തെളിയിച്ച കൊവിഷീൽഡ് പല വിദേശരാജ്യങ്ങളും ഇതിനകം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കൊവാക്സിൻ മൃഗങ്ങളിലും 800 വോളന്റിയർമാരിലും പരീക്ഷിച്ച് രണ്ടാം ഘട്ടം ഫലപ്രദമായി പൂർത്തിയാക്കി. മൂന്നാംഘട്ട പരീക്ഷണങ്ങൾ തുടരുന്ന ഘട്ടത്തിൽ കൊവാക്സിന് അനുമതി നൽകിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദമുയർന്നതിനിടെ, ഭാരത് ബയോടെക്കിന് വാക്സിൻ നിർമ്മാണത്തിന് ലൈസൻസ് അനുവദിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്നലെ വൈകിട്ട് ഉത്തരവിറക്കി.
പരീക്ഷണത്തിന്റെ വിശദാംശങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഇത്.
വാക്സിനുകൾ പൂർണ
സുരക്ഷിതം: സൊമാനി
വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സുരക്ഷയിൽ ചെറിയ ആശങ്കയുണ്ടായാൽപ്പോലും അനുമതി നൽകില്ല. ഇപ്പോഴത്തെ വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലർജി എന്നീ പാർശ്വഫലങ്ങൾ എല്ലാ വാക്സിനുകൾക്കും സാധാരണമാണ്.
- വി.ജി. സൊമാനി, ഡ്രഗ്സ് കൺട്രോളർ ജനറൽ
ഓരോ ഇന്ത്യക്കാരനും
അഭിമാനിക്കാം: മോദി
രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇവ ഇന്ത്യയിൽത്തന്നെ നിർമ്മിച്ചവയാണ്. ആത്മനിർഭർ ഭാരതിലൂടെ വിഭാവനം ചെയ്യുന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ശാസ്ത്രസമൂഹത്തിനുള്ള ഉത്സാഹമാണ് ഇതു കാണിക്കുന്നത്.
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
ശാസ്ത്രജ്ഞർക്ക്
സല്യൂട്ട്: അമിത് ഷാ
ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഇന്ത്യയെ അഭിമാനത്തിലെത്തിച്ച കഠിനാദ്ധ്വാനികളും സമർത്ഥരുമായ ശാസ്ത്രജ്ഞർക്ക് സല്യൂട്ട്
- അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി
വാക്സിൻ വില
1000, സർക്കാരിന്
200 രൂപ
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ആഴ്ചകൾക്കകം വിതരണം തുടങ്ങും. അഞ്ചു കോടി ഡോസിന് അനുമതി ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യ അടക്കം ചില രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ വാക്സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ല. ഇതിന് വൈകാതെ ആവശ്യപ്പെടും.അനുമതി ലഭിച്ചാൽ 68 രാജ്യങ്ങളിൽ വാക്സിൻ വിൽക്കാം. മിനിറ്റിൽ 5,000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.
ആദ്യം കൊവിഷീൽഡ്
മാത്രം: എയിംസ്
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കൊവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് അന്തിമാനുമതി നൽകിയതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയതിനു പിന്നാലെയാണ് വിശദീകരണം.
ആദ്യ ആഴ്ചകളിൽ കൊവിഷീൽഡ് വാക്സിൻ മാത്രമായിരിക്കും വിതരണം ചെയ്യുക. അപ്പോഴേക്കും കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കുമെന്നും വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ച ശേഷമായിരിക്കും വിതരണത്തിന് ലഭ്യമാക്കുകയെന്നും ഡോ. ഗുലേറിയ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.