ന്യൂഡൽഹി: ക്ളിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്സിന് അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ രംഗത്ത്. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഇതിൽ വ്യക്തത വരുത്തണമെന്നും പരീക്ഷണം പൂർത്തിയാകുന്നതുവരെ ഉപയോഗം ഒഴിവാക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. വാക്സിൻ പരീക്ഷണം പൂർത്തിയാകാതെ ഉപയോഗാനുമതി പാടില്ലെന്ന ആഗോള നിയമം ലംഘിച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കണമെന്ന് ജയ്റാം രമേഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ആനന്ദ് ശർമ തുടങ്ങിയവരും കൊവാക്സിൻ അനുമതിയെ വിമർശിച്ചു.
മോദിയുടെ മന്ത്രിമാർക്കും ഡ്രഗ്സ് കൺട്രോളറുടെ ഓഫീലെ ഉദ്യോഗസ്ഥർക്കും നൽകിയതിനു ശേഷം മതി, മറ്റുള്ളവരിൽ കൊവാക്സിൻ ഉപയോഗിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് ജനങ്ങളുടെ വിശ്വാസ്യത തകർക്കും: യെച്ചൂരി
ന്യൂഡൽഹി : രാഷ്ട്രീയ ലാഭത്തിനായി കുറുക്കുവഴിയിലൂടെ കൊവിഡ് വാക്സിന് അനുമതി നൽകുന്നത് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖലയുടെ വിശ്വാസ്യത തകർക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങൾ പുറത്തു വിടണം. രാജ്യാന്തര തലത്തിൽ ഇങ്ങനെ ചെയ്യാറുണ്ട്. ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരും ഈ നടപടി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷന് മാർഗരേഖ
കൊവിഡ് വാക്സിൻ 2- 8 ഡിഗ്രി വരെ ഊഷ്മാവിൽ സൂക്ഷിക്കണം വാക്സിനേഷനു ശേഷം 30 മിനിറ്റ് വിശ്രമം ആവശ്യമാണ് 28 ദിവസത്തെ സമയത്തിൽ രണ്ടു ഡോസ് വാക്സിനാണ് നൽകുക രണ്ടാം ഡോസ് കഴിഞ്ഞ്, രണ്ടാഴ്ചയ്ക്കകം ആന്റിബോഡിയുണ്ടാകും നിലവിൽ കൊവിഡ് ലക്ഷണങ്ങളുള്ളവർ, അതു മാറി 14 ദിവസത്തിനു ശേഷം മാത്രം വാക്സിനെടുക്കുക കാൻസർ, പ്രമേഹ രോഗികൾ കൃത്യമായി വാക്സിൻ എടുത്തിരിക്കണം. വിവിധ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർക്ക് സാധാരണക്കാരെപ്പോലെ തന്നെ വാക്സിൻ എടുക്കാം പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ വാക്സിനേഷനു ശേഷം സ്വാഭാവികമാണ്. രജിസ്ട്രേഷൻനിർബന്ധം വാക്സിൻ രജിസ്ട്രേഷൻ മുതൽ നിരീക്ഷണം വരെ, നടപടിക്രമങ്ങൾ മുഴുവൻ പാലിച്ച് ട്രയൽ റൺ മാതൃകയിലാകും മരുന്ന് വിതരണം രജിസ്റ്റർ ചെയ്യുന്നവർക്കാകും മരുന്ന് ലഭിക്കുക ഡ്രൈവിംഗ് ലൈസൻസ്, സർക്കാരിന്റെ ഹെൽത്ത് കാർഡ്, ആധാർ, വോട്ടർ ഐ.ഡി, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങി തിരിച്ചറിയൽ കാർഡുകൾ രജിസ്ട്രേഷന് നിർബന്ധം വാക്സിനേഷൻ ദിവസം, സ്ഥലം, സമയം എന്നീ വിവരങ്ങൾ എസ്.എം.എസ് ആയി ഫോണിലെത്തും