farmer

കർഷകരെ വലച്ച് ഡൽഹിയിൽ പെരുമഴ

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിച്ചെങ്കിലേ സമരം അവസാനിപ്പിക്കൂ എന്ന് കർഷകർ നിലപാട് കടുപ്പിച്ചിരിക്കെ, കേന്ദ്രവും കർഷകരുമായുള്ള നിർണായക ചർച്ച ഇന്ന് നടക്കും.

കൊടുംതണുപ്പിനെ തൃണവത്ഗണിച്ചുള്ള സമരം ഇന്ന് 40-ാം ദിവസത്തിലേക്ക് കടന്നു.

പരിഷ്‌കരിച്ച നിയമങ്ങൾ പൂർണമായി പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ന്‌ കേന്ദ്ര സർക്കാരിൽ നിന്നും നാളെ സുപ്രീംകോടതിയിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ആറിന് ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷകർ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തും. ട്രാക്ടർ ഇല്ലാത്ത ഇടങ്ങളിൽ മറ്റ് വാഹനങ്ങൾ ഉപയോഗിച്ചും പരേഡ് നടത്തുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

ഹരിയാനയിലെ പൽവലിൽ നിന്ന് ഡൽഹിയിലേക്ക് ആറാം തിയതി ട്രാക്ടർ മാർച്ച് നടത്തും. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ ഇപ്പോൾ സമരം ചെയ്യുന്ന കർഷകർ കൂടി ഡൽഹിയിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തിന് മുമ്പ് ഡൽഹിയിൽ സമരം ശക്തമാകും. അങ്ങനെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് പദ്ധതി.

പെരുമഴയിലും കെടാത്ത സമരവീര്യം

അതിശൈത്യത്തിൽ മൂടിപ്പുതച്ച് തെരുവിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ദുരിതം വിതച്ച് ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെരുമഴയാണ്. സമരപ്പന്തലുകളിൽ വെള്ളംകയറി. ശൈത്യത്തിൽ നിന്ന് രക്ഷതേടാനുപയോഗിക്കുന്ന ടെന്റുകളിൽ നിന്നും സമരസ്ഥലത്തു നിന്നും മഴവെള്ളം ഒഴുക്കികളയുന്ന ജോലിയിലാണ് കർഷകരിപ്പോൾ.

ഈ പ്രതികൂല കാലവസ്ഥയിലും കർഷകർ കുലുങ്ങിയിട്ടില്ല. 'മഴ വിളകൾക്ക് നല്ലതാണ്. വയലുകളിൽ മഴയും വെയിലുമേറ്റ് പണി ചെയ്യുന്ന ഞങ്ങൾക്ക് ഈ മഴയൊന്നും ഒരു പ്രശ്‌നമല്ല."- കർഷകർ പറഞ്ഞു.

കൊടും ശൈത്യമായാലും കനത്ത മഴയായാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. മഞ്ഞുമഴയും കർഷകർക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ഗാസിപ്പൂർ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഒരു കർഷകൻ കൂടി തണുപ്പ് മൂലം മരിച്ചിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന ചർച്ചയിലെങ്കിലും കേന്ദ്രം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷ കർഷകർ പങ്കുവച്ചു.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കനത്ത മഴയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം പെയ്തത്. വരുന്ന ആറു വരെ അതി ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ പെയ്ത പശ്ചാത്തലത്തിൽ തണുപ്പ് കുറയുമെന്നാണ് വിലയിരുത്തൽ.