ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്നത് അധികാര ഗർവ് ബാധിച്ചവരാണെന്നും കർഷകരുടെ മരണം പോലും അവർക്ക് പ്രശ്നമല്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. എത്രയും വേഗം പുതിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണം. യു.പി ഡൽഹി അതിർത്തിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സോണിയയുടെ പ്രതികരണം.
'ജനാധിപത്യം എന്നാൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നാണെന്ന് കേന്ദ്രസർക്കാർ ഓർമിക്കണം. തണുപ്പിലും മഴയിലും മരിക്കുന്ന കർഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാൻ മോദി സർക്കാർ അധികാര ഗർവ് ഉപേക്ഷിച്ച് മുന്നോട്ടുവരണം. മൂന്ന് കരിനിയമങ്ങളും നിരുപാധികം പിൻവലിക്കണം. ഇതാണ് രാജധർമവും മരിച്ചവർക്കുള്ള യഥാർത്ഥ ആദരാഞ്ജലിയും' സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്ത് അധികാരത്തിൽ വന്ന ഏറ്റവും അഹങ്കാരിയായ സർക്കാരാണിത്. രാജ്യത്തിന്റെ അന്നദാതാക്കളുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും പോലും കാണാൻ കഴിയാത്തതും അതുകൊണ്ടാണ്' -സോണിയ പറഞ്ഞു.
'കർഷകരുടെ മരണം മോദി സർക്കാരിനെയോ മന്ത്രിമാരെയോ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല. അവർ ഒരു ആശ്വാസവാക്കും പറഞ്ഞിട്ടില്ല. അന്തരിച്ചവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു' സോണിയ കൂട്ടിച്ചേർത്തു. പുതിയ കാർഷിക നിയമങ്ങൾ കൃഷിയെയും കൃഷിക്കാരെയും നശിപ്പിക്കുമെന്നും അവ എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയെ വിമർശിച്ചും കർഷകർക്ക് പിന്തുണ നൽകിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ പ്രതികരിച്ചിരുന്നു. 'രാജ്യം ഒരിക്കൽ കൂടി ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നു. അന്ന് ബ്രിട്ടീഷ് കമ്പനിയായിരുന്നുവെങ്കിൽ, ഇപ്പോൾ മോദിയും സുഹൃത്തുക്കളും ചേർന്ന കമ്പനിയാണ്. എന്നാൽ, ഈ പ്രസ്ഥാനത്തിലെ ഒാരോരുത്തരും കർഷക തൊഴിലാളി സത്യാഗ്രഹികളാണ്. അവർ തങ്ങളുടെ അവകാശം വീണ്ടെടുക്കൽ തുടരും' -രാഹുൽ ട്വീറ്റ് ചെയ്തു.