കാലത്തെ അതിജീവിച്ച പാനീയമാണ് ചായ, ലോകം കീഴടക്കിയ പാനീയം. ലോകത്ത് ഏറ്റവും അധികം പേർ കഴിക്കുന്ന പാനീയത്തിന്റെ കാര്യത്തിൽ വെള്ളം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ചായയ്ക്ക്. ഉണർവും ഉന്മേഷവും നൽകുന്നതിനൊപ്പം ആരോഗ്യദായക ഗുണങ്ങളും ചായയുടെ വമ്പിച്ച ജനപ്രീതിക്ക് കാരണമാകുന്നു. ചായയ്ക്ക് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. അതിനി പാൽചായയോ , കട്ടൻചായയോ, ഗ്രീൻ ടീയോ ഏതുമാകട്ടെ. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്.
എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടൻ ചായ, ഗ്രീൻ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, ബട്ടർ ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചർമ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. അത്രമേൽ ചിരപരിചിതയായ ചായയുടെയും വിശേഷങ്ങൾ അറിഞ്ഞാലോ?
തേയിലയുടെ ചരിത്രം
മനുഷ്യൻ ചായകുടി തുടങ്ങിയിട്ട് അയ്യായിരം വർഷമെങ്കിലുമായി എന്നാണ് ചായയുടെ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രദീപ് ബറുവ പറയുന്നത്. ലോകത്ത് ആദ്യമായി തേയിലകൃഷി ആരംഭിച്ച തെക്കുകിഴക്കൻ ചൈനയിൽ, ചായയുടെ ഉത്ഭവത്തെപ്പറ്റി ഒട്ടേറെ മിത്തുകൾ നിലനിൽക്കുന്നുണ്ട്. 2737 ബി.സിയിൽ ചൈനീസ് ചക്രവർത്തി ഷെൻ നങ് വേട്ടയ്ക്ക് പോയപ്പോൾ, തിളപ്പിച്ചുകൊണ്ടിരുന്ന വെള്ളത്തിൽ ഏതാനും ഇലകൾ പറന്നുവീണെന്നും, അത് കുടിച്ച ചക്രവർത്തിക്ക് ചായയുടെ അത്ഭുതഗുണങ്ങൾ മനസിലായി എന്നുമാണ് ഒരു കഥ. 'ചാ'എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം.ഏതാണ്ടെല്ലാ ഏഷ്യൻഭാഷകളിലും 'ചായ്' എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ്.
തേയില ചെടിയുടെ കൊളുന്ത് നുള്ളി, ശ്രദ്ധാപൂർവമായ പരിചരണം വഴി ചായയ്ക്ക് ഹൃദ്യമായ രുചി നൽകാനുള്ള വിദ്യ ചൈനക്കാർ ആരംഭിച്ചിട്ട് കുറഞ്ഞത് രണ്ടായിരം വർഷമായി എന്ന് ചരിത്രകാരൻമാർ പറയുന്നു. മുന്തിയ തേയിലയിനം വളരുന്നത് ചൈനയിലാണ്, തേയിലയെ മികച്ച പാനീയമാക്കുന്ന പ്രക്രിയയും ചൈനക്കാരുടെ രഹസ്യമാണ്. ആ നിലയ്ക്ക് ലോകത്ത് ചായയുടെ കുത്തകയായി ഒരുകാലത്ത് ചൈന മാറിയതിൽ അത്ഭുതമില്ല. സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്. പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ അസാമിലാണ് ആദ്യം തേയില എത്തുന്നത്. അസമിലെ കാടുകളിൽ ചില തേയിലയിനങ്ങൾ മുമ്പ് തന്നെ വളർന്നിരുന്നു എങ്കിലും ചൈനീസ് തേയിലയ്ക്കായിരുന്നു പശ്ചാത്യലോകത്ത് വൻ ഡിമാൻഡ്. ചൈനയുമായി വാണിജ്യബന്ധം ശക്തിപ്പെടുത്തിയ പോർച്ചുഗീസുകാരാണ് യൂറോപ്പിൽ തേയിലയ്ക്ക് പ്രചാരമുണ്ടാക്കിയത്. പാശ്ചാത്യ ലോകത്തിന്റെ രുചിമുകുളങ്ങളെ കീഴടക്കാൻ ചായയ്ക്ക് അധികകാലം വേണ്ടിവന്നില്ല. 1618 ഓടെ ചായ ഒരു രാജ്യാന്തര പാനീയമായി മാറി.
കേരളത്തിന് നീലഗിരിയുടെ സമ്മാനം
കേരളത്തിലെ കോഫി /തേയില പൗഡർ ഷോപ്പുകളിൽ പ്രധാനമായും തേയിലയത്തെുന്നത് തമിഴ്നാട് നീലഗിരിയിൽ നിന്നാണ്. കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്. ഇലത്തേയില , പൊടിത്തേയില എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. ഇവയിൽ തന്നെ ഔഷധഗുണമുള്ള തേയിലവരെയുണ്ട്. പൊടിത്തേയിലയാണ് മലയാളികളിൽ അധികവും ഉപയോഗിക്കുന്നത്. ഇവയിൽ കയറ്റി അയക്കുന്നത് അസമും മൂന്നാറുമാണ് പ്രധാനമായും. എന്നാൽ, ഇലത്തേയിലയിലേക്ക് വരുമ്പോൾ നിരവധി പുതുമകൾ അറിയാം.ഏറ്റവും ഗുണനിലവാരമുള്ള ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്.
സ്വന്തം ബ്ലാക്ക് ടീ
ജീവിതത്തിൽ ഒരുവട്ടമെങ്കിലും കട്ടൻ ചായ കുടിച്ചിട്ടില്ലാത്തവരായി നമ്മളാരും ഉണ്ടാവില്ല. രാവിലെയും വൈകുന്നേരങ്ങളിലും എന്തിന് രാത്രി പോലും ചായ ശീലമുള്ളവരുണ്ട്. ദിവസവും അഞ്ചോളം ചായ കുടിക്കുന്നവരുമുണ്ട്. ഇവരുടെ ഹീറോ ബ്ലാക്ക് ടീയാണ്. പാലും പാൽപൊടിയും തീരുമ്പോഴും, വയറു വല്ലാതെ നിറഞ്ഞിരിക്കുമ്പോഴും മാത്രമല്ല നല്ലൊരു മഴ കണ്ടിരിക്കുമ്പോഴും കട്ടൻ ചായ തരുന്ന സുഖം ഒന്നു വേറെ തന്നെ. കടുപ്പം കൂടിയതും കടുപ്പം കുറഞ്ഞതും തുടങ്ങി വിവിധ രുചികളിലും വിവിധ തരത്തിലുമുള്ള ചായപ്പൊടികൾ ലഭ്യമാണ്. അതേസമയം, കട്ടൻ ചായ പ്രമേഹരോഗികൾക്ക് പറ്റിയ ഒരൗഷധം കൂടിയാണെന്ന് എത്രപേർക്കറിയാം. കട്ടൻ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു.
ടീൻ ഇൻ ഗ്രീൻ ആന്റ് വൈറ്റ്
15 വർഷംകൊണ്ട് കേരളത്തിൽ പ്രശസ്തിയാർജിച്ച തേയിലയാണ് ഗ്രീൻ ടീ. ഫെർമെന്റ് (കാറ്റ് കടത്തിവിട്ട് ചെയ്യുന്ന പ്രോസസ്) ചെയ്യാതെ എടുക്കുന്നുവെന്നതാണ് ബ്ലാക് ടീയിൽനിന്നുള്ള പ്രധാന വ്യത്യാസം. ബ്ലാക് ടീ ഉന്മേഷം പകരുമെങ്കിൽ ഗ്രീൻ ടീ ആരോഗ്യവും പകരും. ഔഷധഗുണം നൽകുന്ന ഈ തേയില പക്ഷേ, പാലും പഞ്ചസാരയും ചേർക്കാൻ പാടില്ല. കൂടാതെ വെള്ളം 85 ഡിഗ്രി ചൂടാകുമ്പോൾ സ്റ്റൗ ഒഫ് ചെയ്ത് തേയിലയിട്ട് അഞ്ചു മിനിറ്റ് അടച്ചുവയ്ക്കുന്നതാണ് ഉചിതം. അപ്പോൾ തേയിലയിലയടങ്ങിയിരിക്കുന്ന സത്ത വെള്ളത്തിലേക്ക് അലിഞ്ഞുചേരും. ഔഷധഗുണവും മണവും നഷ്ടപ്പെടില്ല. ഏത് ചായ ഉണ്ടാക്കുമ്പോഴും ഇങ്ങനെ പരീക്ഷിക്കാം. തേയില ഇട്ടശേഷം വെള്ളം വെട്ടിത്തിളപ്പിക്കാതിരിക്കുക. ഗ്രീൻ ടീ തന്നെ പത്തിലേറെ ക്വാളിറ്റിയിൽ വിപണിയിൽ ലഭ്യമാണ്. പച്ചനിറമായതുകൊണ്ടാണ് ഗ്രീൻ ടീ എന്നു പേരുവന്നത്.
അമിതവണ്ണത്തിനെതിരെ പോരാടാൻ ഗ്രീൻ ടീ സഹായിച്ചേക്കാമെന്ന് പാരമ്പര്യ ചൈനീസ് വൈദ്യചികിത്സ നൽകുന്ന ജിനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഡിപ്പാർട്ട്മെന്റിലെ ഡോ. ജിങ് വെയ് പറയുന്നു''. ഗ്രീൻടീയിൽ ധാരാളം 'പോളിഫിനോൾ' ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പോളിഫിനോളുകൾക്ക് ക്യാൻസറിനെ തടയാനുള്ള കഴിവുണ്ട്. അതൊടൊപ്പം, ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുകയും നല്ല കൊസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും.
വൈറ്റ് ടീ
ഇതു കേൾക്കുമ്പോൾ വെള്ളനിറമാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇളം മഞ്ഞനിറമാണ്. ഒപ്പം, 'വൈറ്റ് സിൽവർഹെയർ' (ഒരുതരം നാര്) കൂടിയുണ്ട്. അതിനാലാണ് വൈറ്റ് ടീയെന്നു വിളിക്കുന്നത്. ഗ്രീൻ ടീയെക്കാളും ഔഷധഗുണം കൂടുതൽ വൈറ്റ് ടീക്കാണ്. ഇലയുടെ മുകുളം തുറക്കുന്നതിനു മുമ്പേ സിൽവർ ഹെയർ നഷ്ടപ്പെടാതെയാണ് ഇത് എടുക്കുന്നത്. ഈ സിൽവർ ഹെയറിലാണ് ഔഷധ ഗുണം ഏറെയുള്ളത്. പാലും പഞ്ചസാരയും ഇതിലും ചേർക്കാൻ പാടില്ല.
ജമന്തി ചായ
ജമന്തി കൊണ്ടുള്ള ചായയിൽ ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആരോഗ്യപരമായ ഒന്നാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ മാത്രം കണ്ട് വരാറുള്ള ജമന്തി പൂക്കൾ കൊണ്ടുള്ള ചായ. ഇതിൽ കലോറി അടങ്ങിയിട്ടില്ല. വൃക്ക സംബന്ധമായ രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവ അകറ്റുന്നതിനും ജമന്തി ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ പദാർത്ഥങ്ങളും ആന്റി ഓക്സിഡന്റ് പദാർത്ഥങ്ങളും സഹായിക്കുന്നു.
റോസ് ടീ
ശരീരത്തിനുള്ളിലെ ജൈവിക വിഷത്തിന്റെ (ടോക്സിൻസ്) അളവ് കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് റോസ് ടീയുടെ ഏറ്റവും വലിയ പ്രത്യേകത. മലബന്ധം ക്രമീകരിക്കുന്നതോടൊപ്പം ദഹനത്തെയും ശരിയായ രീതിയിലാക്കാൻ റോസ് ടീ സഹായിക്കുന്നു.
റോസ് ടീ തയ്യാറാക്കുന്ന വിധം
അഞ്ചോ ആറോ വാടാത്ത റോസാപ്പൂവിതളുകൾ ഒരു ടീസ്പൂൺ തേയിലപ്പൊടിയോടൊപ്പം തിളപ്പിക്കുക. അഞ്ചു മിനിറ്റിന് ശേഷം അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുത്ത് ഉപയോഗിക്കാം.
ഊലോംഗ് ചായ (ഊലോംഗ് ടീ )
ചൈനയിൽ വളരെയധികം പ്രചാരത്തിലുള്ള ഊലോംഗ് ചായ ഇന്ത്യൻ വിപണികളിലും സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. പൊണ്ണത്തടിയും കൊളസ്ട്രോളും കുറയ്ക്കാനുള്ള മികച്ച ഔഷധം കൂടിയാണ് ഈ ചായ.
ഓൺലൈൻ വഴി മാത്രമാണ് ഊലോംഗ് തേയില പായ്ക്കറ്റുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്നത്.
ഊലോംഗ് ചായ തയ്യാറാക്കുന്ന വിധം
തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂൺ ഊലോംഗ് തേയിലപ്പൊടി ഇടുക. അഞ്ചുമിനിറ്റിനു ശേഷം അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക. ദിവസം രണ്ടുനേരെ കുടിക്കുന്നത് കൂടുതൽ ഫലം ചെയ്യും.
ദോഷവുമുണ്ടേ, ഗുണങ്ങളും
ചായ കുടിക്കാത്ത ഒരാൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ കുടിച്ചതുകൊണ്ട് ഗുണമുണ്ട്:ഒപ്പം ദോഷവും.
ഹൃദയധമനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കട്ടൻ ചായ സഹായകമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
കട്ടൻചായയിലുള്ള ഫ്ളാവനോയിഡ് പോലുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്. ആയുർവേദമനുസരിച്ച് ഇഞ്ചിച്ചായ കുടിച്ചാൽ വാതപിത്തകഫ സംബന്ധമായ ദോഷങ്ങൾ കുറയും. ചായയിൽ അടങ്ങിയിട്ടുള്ള ടി.എഫ് 2 എന്ന സംയുക്തം അർബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അർബുദസാധ്യത കുറയ്ക്കാൻ കട്ടൻചായയ്ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസം മൂന്നോ നാലോ ഗ്ലാസ് കട്ടൻചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്നും നീർവീക്കം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ചായയിലടങ്ങിയ ഫ്ളൂറൈഡുകൾ അസ്ഥികൾക്ക് ദോഷം ചെയ്യുമെന്നതാണ് ഒരു നിരീക്ഷണം. നിദ്രാഭംഗത്തിനും ഉറക്കം കുറയാനും ചായ കാരണമാകുമെന്നും ഗവേഷകർ പറയുന്നു.