ന്യൂഡൽഹി : തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ എൻ.ഐ.എയോട് സുപ്രീംകോടതി നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.അഞ്ചാം പ്രതിയായ നജീബിന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജിയിൽ കഴിഞ്ഞ ദിവസം എൻ.ഐ.എ. ഹെഡ് ക്വാട്ടേഴ്‌സ് ഐ.ജി. അനിൽ ശുക്ല സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിരുന്നു.
ഒളിവിലായിരുന്ന ആറ് പ്രതികൾക്കെതിരെ 2017 ജൂൺ ഒന്നിന് ഫയൽ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപ്പോർട്ടിൽ വിചാരണ ഉടൻ ആരംഭിക്കുമെന്ന് എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഒന്നാം പ്രതി സവാദ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണമെന്നും എൻ.ഐ.എ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.