ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ വിതരണ യജ്ഞത്തിന് ഉടൻ ഇന്ത്യയിൽ തുടക്കമാകുമെന്നും വാക്‌സിൻ നിർമ്മിച്ചതിൽ രാജ്യത്തെ ശാസ്ത്രജ്ഞരെയും വിദഗ്ദ്ധരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിൻ കയറ്റുമതി ഉടനില്ല
ഇന്ത്യയിലെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതിനാൽ കൊവിഷീൽഡ് വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഉടൻ കയറ്റുമതി ചെയ്യാനാവില്ല. ഇന്ത്യയിലെ ലഭ്യത ഉറപ്പുവരുത്താതെ കയറ്റുമതി പാടില്ലെന്ന ഉപാധിയോടെയാണ് അടിയന്തര അനുമതി നൽകിയത്. നിലവിൽ ഇന്ത്യൻ സർക്കാരിന് മാത്രമേ വാക്‌സിന് നൽകാനാവൂവെന്നും ഇപ്പോൾ സ്വകാര്യ മാർക്കറ്റിൽ നൽകുന്നതിന് വിലക്കുണ്ടെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
വാക്സിൻ പരീക്ഷണം 12വയസിന് മുകളിലുള്ളവരിലും
കൊവാക്‌സിൻ അന്തിമഘട്ട ക്ലിനിക്കൽ പരീക്ഷണം 12 വയസിന് മുകളിലുള്ള കുട്ടികളിലും നടത്താൻ ഭാരത് ബയോടെകിന് കേന്ദ്രസർക്കാരിന്റെ അനുമതി. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുൻഗണനാവിഭാഗങ്ങൾക്ക് കുത്തിവയ്ക്കാനുള്ള ഡോസുകൾ ലഭ്യമാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ പറഞ്ഞു.
'ആദ്യം മോദി സ്വീകരിക്കണം'
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി മോദി സ്വീകരിക്കണമെന്ന് ബിഹാറിലെ കോൺഗ്രസ് നേതാവ് അജിത് ശർമ്മ. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും നിർമ്മിച്ച വാക്‌സിന്റെ ക്രഡിറ്റ് നേടാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി വാക്സിനെ വിശ്വസിക്കാനാവില്ലെന്ന പരാമർശത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിശദീകരണവുമായി രംഗത്തെത്തി. ശാസ്ത്രജ്ഞരെ സംശയിച്ചിട്ടില്ലെന്നും ബി.ജെ.പിക്കെതിരെയായിരുന്നു വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വാക്‌സിൻ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി മുതിർന്ന ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. മുൻഗണനാവിഭാഗത്തിന് വാക്‌സിൻ ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.