reliance

ന്യൂഡൽഹി: കോർപറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കർഷക സംഘടനകൾ ശക്തമായ ആരോപണം ഉന്നയിക്കുന്നതിനിടെ, കരാർ കൃഷിക്കില്ലെന്ന് റിലയൻസ് പ്രഖ്യാപിച്ചു.

ഇതുവരെയും കരാർ കൃഷി ചെയ്തിട്ടില്ല. ഈ മേഖലയിലേയ്ക്ക് കടക്കാനും ഉദ്ദേശിക്കുന്നില്ല. കാർഷികനിയമങ്ങളുമായി റിലയൻസിന് ബന്ധമില്ല. അതിന്റെ ഒരു ഗുണഫലവും നേടുന്നില്ലെന്നും റിലയൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. പഞ്ചാബിൽ ആയിരത്തിലേറെ റിലയൻസിന്റെ ടെലികോം ടവറുകൾ നശിപ്പിക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇങ്ങനെയൊരു വിശദീകരണം.

കമ്പനിയുടെ യശസും വ്യാപാരവും തകർക്കാൻ ലക്ഷ്യമിട്ട് ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നു. പഞ്ചാബിലോ ഹരിയാനയിലോ മറ്റ് സംസ്ഥാനങ്ങളിലോ കരാർ കൃഷിക്കോ കോർപറേറ്റ് കൃഷിക്കോ വേണ്ടി നേരിട്ടോ അല്ലാതെയോ ഭൂമി വാങ്ങിയിട്ടില്ല. കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ദീർഘകാലാടിസ്ഥാനത്തിൽ വാങ്ങാൻ ആരുമായും കരാറുണ്ടാക്കിയിട്ടില്ല. കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല. രാജ്യത്തെ 130 കോടി ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരോട് കടപ്പാടുണ്ട്. താങ്ങുവിലയിലോ കർഷകർക്ക് ലാഭകരമായ രീതിയിലോ ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ തങ്ങളുടെ വിതരണക്കാരെ നിർബന്ധിക്കുമെന്നും റിലയൻസ് വ്യക്തമാക്കി.

അതേസമയം ബിസിനസ് സംരക്ഷിക്കാനുള്ള വ്യാജമായ അവകാശവാദമാണ് റിലയൻസിന്റേതെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു.

റിലയൻസ് പറയുന്നതു കള്ളമാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിലും മറ്റിടങ്ങളിലും വൻതോതിൽ റിലയൻസ് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. പ്രസ്താവനയിൽ പറയുന്നത് ശരിയാണെങ്കിൽ റിലയൻസ് ഈ ഭൂമി തിരിച്ചു നൽകണമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.