jio

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് ചിലർ പഞ്ചാബിൽ റിലയൻസ് ജിയോയുടെ മൊബൈൽ ടവറുകൾ തകർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ഗ്രൂപ്പ് പഞ്ചാബ് - ഹരിയാന ഹൈകോടതിയെ സമീപിച്ചു. സ്വത്തുക്കൾക്കും സേവനങ്ങൾക്കും സർക്കാർ സംരക്ഷണം വേണമെന്നാണ് പ്രധാന ആവശ്യം.

ജീവനക്കാരെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കർഷകരുടെ പ്രക്ഷോഭത്തെ എതിരാളികൾ റിലയൻസിനെതിരായി മുതലെടുക്കുകയായിരുന്നു. അതുവഴി റിലയൻസിനെതിരെ അപകീർത്തിപ്രചാരണം നടത്തുകയാണ്. റിലയൻസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ഇത്തരം അക്രമ പ്രവർത്തനങ്ങൾ രണ്ടു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന് ഭീഷണി ഉയർത്തുകയും ആശയവിനിമയ സംവിധാനത്തിനും വില്പന, സേവന ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനത്തിനും തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ ഇൻഫോകോം കൂടാതെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റു കമ്പനികൾ എന്നിവക്ക് കോർപറേറ്റ് ഫാമിംഗ്, കോൺട്രാക്ട് ഫാമിംഗ് എന്നിവയുമായി ബന്ധമില്ല. കോൺട്രാക്ട് ഫാമിങ്ങിലേക്കോ കോർപറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാൻ യാതൊരു പദ്ധതിയുമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കാർഷിക നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണമാണ് കർഷകരെ പ്രകോപിപ്പിക്കുന്നതെന്നാണ് വിവരം. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1,500 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. ടവറുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും റിലയൻസ് നേരത്തെ കത്തെഴുതിയിരുന്നു.