protest

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ ഒരു മാസത്തിലേറെയായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയിലും ധാരണയായില്ല. അടുത്ത ചർച്ച ജനുവരി എട്ടിന് നടക്കും.

മൂന്ന് വിവാദ കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചുനിന്നു. എന്നാൽ കർഷകരുടെ ഓരോ ആശങ്കയിലും പ്രത്യേകം ചർച്ചയാവാമെന്നായിരുന്നു കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിൻറെ നിർദ്ദേശം. നിയമം റദ്ദാക്കണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മറ്റുവിഷയങ്ങളിൽ ചർച്ചയ്ക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

നിയമങ്ങളിലെ ഓരോ വ്യവസ്ഥയും ചർച്ച ചെയ്യണമെന്ന് കേന്ദ്രം നിർദ്ദേശിച്ചതായി തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കർഷക സംഘടനകൾ ആവശ്യത്തിൽ ഉറച്ചു നിന്നു.അടുത്ത തവണ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും, രാജ്യത്തെ എല്ലാ കർഷകരെയും മുന്നിൽക്കണ്ടേ സർക്കാരിന് തീരുമാനമെടുക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.
കാർഷികനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുദ്ധ്വീർ സിംഗും, നിയമങ്ങൾ പിൻവലിക്കാതെ തങ്ങളാരും മടങ്ങില്ലെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്തും പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച പ്രക്ഷോഭങ്ങളിൽ മാറ്റമില്ലെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ളയും പ്രതികരിച്ചു.

 ഭക്ഷണം മന്ത്രിമാർക്കൊപ്പം

കഴിക്കാതെ നേതാക്കൾ

കർഷക സമരത്തിനിടെ മരിച്ച മുപ്പതിലേറെ കർഷകർക്ക് ആദരമർപ്പിച്ച് രണ്ട് മിനിട്ട് മൗനമാചരിച്ചാണ് യോഗം തുടങ്ങിയത്. കേന്ദ്രമന്ത്രിമാരുമായി ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കർഷക നേതാക്കൾ തയാറായില്ല. കഴിഞ്ഞതവണ കർഷകർക്കായി സമരകേന്ദ്രത്തിൽ നിന്നെത്തിച്ച ഭക്ഷണമാണ് കേന്ദ്രമന്ത്രിമാരായ തോമറും പിയുഷ് ഗോയലും സോംപ്രകാശും കഴിച്ചത്.

 നാളെ ട്രാക്ടർ റാലി

കുണ്ട്ലി - മനേസർ - പൽവൽ ദേശീയപാതയിൽ ആയിരത്തിലേറെ ട്രാക്ടറുകൾ അണിനിരത്തി റാലി നാളെ നടത്തും. നാളെ രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ ജയ്‌പൂർ ദേശീയപാതയിൽ ഹാജഹാൻപുരിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് തുടങ്ങും. കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ വ്യാജപ്രചാരണം തുറന്നു കാട്ടാൻ രണ്ടാഴ്ച നീളുന്ന ദേശ് ജാഗ്രിതി അഭിയാൻ പ്രചാരണ പരിപാടിയും നാളെ തുടങ്ങും. ഇതിന്റെ ഭാഗമായി രാജ്യമെങ്ങും റാലികളും ധർണകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.