delhi-meerut-rrts

ന്യൂഡൽഹി :ഡൽഹി - മീററ്റ് റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (ആർ. ആർ. ടി. എസ്) പദ്ധതിയുടെ ഭാഗമായി 5.6 കിലോമീറ്റർ ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള കരാർ ചൈനീസ് കമ്പനിയയായ ഷാങ്ഹായ് ടണൽ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിന്. ന്യൂ അശോക് നഗർ മുതൽ സാഹിബാബാദ് വരെ ഭൂഗർഭ പാത നിർമ്മിക്കുന്നത്.

നിശ്ചിത നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ ബിഡ് അനുവദിച്ചതെന്നാണ് എൻ. സി. ആർ. ടി. സി വ്യക്തമാക്കി. 82 കിലോമീറ്റർ നീളമുള്ള ഡൽഹിഗാസിയാബാദ്- മീററ്റ് ഇടനാഴി നിർമ്മാണത്തിനുള്ള എല്ലാ ടെൻഡറുകളും നൽകിയിട്ടുണ്ടെന്നും പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള നിർമാണം പരോഗമിക്കുകയാണെന്നും എൻ. സി. ആർ. ടി. സി പറഞ്ഞു.

ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ പദ്ധതിയാണ് ആർ.ആർ.ടി.എസ് ഇടനാഴി. സാഹിബാബാദ് മുതൽ ദുഹായ് വരെയുള്ള 17 കിലോമീറ്റർ ഇടനാഴി 2023 ൽ ഉദ്ഘടനം ചെയ്യും. മുഴുവൻ ഇടനാഴിയും പ്രവർത്തന സജ്ജമാകാൻ 2025 വരെ കാത്തിരിക്കണം.

ഇത് പ്രവർത്തനക്ഷമമായാൽ, ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയെ വരികയുള്ളു. അതേസമയം, അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നതിനിടെ ചൈനീസ് കമ്പനിയ്ക്ക് കരാർ നൽകിയതിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.