central-vista-project

ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗം പുനർനിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്റ്റ പദ്ധതിയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. പാരിസ്ഥിതിക പ്രശ്‌നങ്ങൾ അടക്കം ചൂണ്ടി കാണിച്ച് സമർപ്പിച്ച പത്ത് ഹർജികൾ തള്ളിക്കൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഭൂരിപക്ഷ വിധിയിലൂടെ ജസ്റ്റിസ് എ.എം. ഖാൻവിൽകർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകാരം നൽകിയത്.

''പരിസ്ഥിതി അനുമതി നൽകിയതിൽ അപാകതകളില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ലെന്ന്'' ഭൂരിപക്ഷ വിധിന്യായത്തിൽ ഒപ്പുവച്ച് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകാർ, ദിനേഷ് മഹേശ്വരി എന്നിവർ അഭിപ്രായപ്പെട്ടു.

ഡൽഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാൽ അത് പരിഹരിക്കാൻ മറ്റ് വഴികൾ തേടണം. മുനിസിപ്പൽ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ല. എന്നാൽ നിർമ്മാണത്തിന് മുമ്പ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. ഭൂമിയുടെ വിനിയോഗത്തിൽ വരുത്തിയ മാറ്റം അംഗീകരിക്കുന്നു. നിർമ്മാണസമയത്തെ പൊടിയടക്കമുള്ള അന്തരീക്ഷ മലിനീകരണം തടയാൻ പുകകുഴൽ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, ഭൂവിനിയോഗത്തിൽ മാറ്റം വരുത്തുന്നതിൽ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് അറിയിച്ചു. നിയമപ്രകാരം ഏതെങ്കിലും തരത്തിൽ ഭൂവിനിയോഗത്തിൽ മാറ്റം വരുത്താൻ പൊതുജനാഭിപ്രായം കേൾക്കണം. കൂടാതെ പൈതൃക സംരക്ഷണ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും ഇവിടെ നടപ്പായില്ല. കൂടാതെ പാരിസ്ഥിതിക അനുമതി വാങ്ങിയതിലും വ്യക്തത കുറവുണ്ടെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നടത്താൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. പിന്നാലെ കഴിഞ്ഞ പത്തിന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. പാർലമെന്റും വിവിധ മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പുതുക്കി പണിയുന്ന പദ്ധതിക്ക് 20,000 കോടി രൂപ ചെലവുവരും. 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് മുമ്പായി പുതിയ പാർലമെന്റ് നിർമിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്‌.