ന്യൂഡൽഹി: രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 58 ആയി ഉയർന്നു. പൂനൈ നാഷണൽ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് കൂടി പുതിയ കൊവിഡ് കണ്ടെത്തിയത്. കേരളത്തിലെ ആറ് കേസുകൾ ഉൾപ്പെടെയാണിത്. രാജ്യത്തുടനീളമുള്ള 10 ലാബുകളിലാണ് ജനിതക മാറ്റം വന്ന കൊവിഡ് പരിശോധന നടത്തുന്നത്. കൂടുതൽ പരിശോധനാഫലം വരാനുണ്ട്. നിലവിൽ രോഗബാധിതരെ അതത് സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. സമ്പർക്കം കണ്ടെത്തലും മറ്റു പ്രവർത്തനങ്ങളും നടക്കുകയാണ്. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,091 പേരാണ് രോഗമുക്തരായത്. 16,375 പുതിയ രോഗികൾ. 201 പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2,31,036 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ 2.23 ശതമാനം മാത്രമാണിത്.
ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടിയോട് അടുത്തു. രോഗമുക്തി നിരക്ക് 96.32 ശതമാനമായി വർദ്ധിച്ചു.