jnu-attack

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല കാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടന്ന് ഒരു വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേസിൽ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. 88 പേരെ ചോദ്യം ചെയ്തെന്നും എന്നാൽ കൊവിഡ് സാഹചര്യം കാരണം കേസ് കൃത്യമായി അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

അക്രമത്തെ തുടർന്ന് രൂപീകരിച്ച സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി നിർജ്ജീവമാണ്. വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകുകയും ചെയ്തു. എന്നാൽ, എഫ്.ഐ.ആറിലെ പൊരുത്തക്കേടുകൾ പൊലീസിന്റെ പങ്ക് ചോദ്യം ചെയ്യുന്നതായിരുന്നു.

15 വിദ്യാർത്ഥികളായിരുന്നു പൊലീസിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഇവർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ അന്വേഷണം നിലച്ചു. സമരത്തിൽ അണിനിരന്ന ഇടതുവിദ്യാർത്ഥി സംഘടനാ പ്രവർത്തകരെയും പൊലീസ് പ്രതികളാക്കിയിരുന്നു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷിനെയും പ്രതിപ്പട്ടികയിൽ ചേർത്തു. ഫീസ് വർദ്ധനവിനെതിരെ സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് എ.ബി.വി.പി പിന്തുണയോടെ പുറത്തു നിന്നെത്തിയ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഐഷി ഉൾപ്പെടെയുള്ളവർക്ക് അന്ന് ഗുരുതര പരിക്കേറ്റിരുന്നു.