ന്യൂഡൽഹി: കാർഷികനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈൽ ടവറുകൾ ഉൾപ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിലയൻസ് സമർപ്പിച്ച ഹർജിയിൽ പഞ്ചാബ് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസയച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അടുത്ത കേസ് പരിഗണിക്കുന്ന ഫെബ്രുവരി 8ന് മുൻപ് ഇരുവരും വിശദീകരണം അറിയിക്കണം.
പഞ്ചാബ് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദ, കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിൻ എന്നിവരാണ് ജസ്റ്റിസ് സുധീർ മിത്തലിന് മുന്നിൽ ഹാജരായത്.ആയിരത്തിലധികം (1019) പട്രോളിംഗ് സംഘങ്ങളെ സംസ്ഥാന സർക്കാർ നിയോഗിച്ചതായി അതുൽ നന്ദ കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ 22 ജില്ലകളിലെ 22 നോഡൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.