# ആദ്യം നാല് കേന്ദ്ര സംഭരണ ശാലകളിലേക്ക്
# വിതരണ ശൃംഖലയിൽ 29,000 കോൾഡ് പോയിന്റുകൾ
# കുത്തിവയ്‌പു തീയതി വൈകാതെ
ന്യൂഡൽഹി: കാത്തിരിപ്പു മതിയാക്കാം; കൊവിഡ് പോരാട്ടത്തിൽ വിജയത്തിന്റെ ആവേശാദ്ധ്യായമെഴുതി ഒരാഴ്ചയ്ക്കകം സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്തു തുടങ്ങാൻ രാജ്യം സജ്ജമായി. വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അനുമതി ലഭിച്ച ജനുവരി മൂന്ന് മുതൽ പത്തു ദിവസത്തിനകം വിതരണം തുടങ്ങാൻ നടപടികൾ പൂർത്തിയായതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 ന് വിതരണം തുടങ്ങുമെന്നാണ് സൂചന.
29,000 കോൾഡ് ചെയിൻ പോയിന്റുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ശീതീകരണ സംവിധാനങ്ങളിൽ വാക്സിൻ എത്തിച്ചു കഴിഞ്ഞാലുടൻ കുത്തിവയ്പു തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് വിതരണം ചെയ്യുക. കൊ-വിൻ ഡിജിറ്റൽ സംവിധാനം വഴി തുടക്കം മുതൽ വാക്സിൻ കുത്തിവയ്പിനു ശേഷമുള്ള കാര്യങ്ങൾ വരെ നിരീക്ഷിക്കും.
ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കേണ്ട ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകരും കേന്ദ്ര, സംസ്ഥാന പൊലീസ്, സായുധസേനകൾ, മുനിസിപ്പൽ ജീവനക്കാർ തുടങ്ങിയ കൊവിഡ് മുന്നണിപ്പോരാളികളും കൊ- വിൻ ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു.
വിതരണം
ഇങ്ങനെ
# നിർമ്മാണകേന്ദ്രങ്ങളിൽ നിന്ന് വിമാനമാർഗം കർണാൽ (ഹരിയാന), മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ നാലു കൂറ്റൻ സംഭരണശാലകളിലേക്ക്
# ഇവിടെ നിന്ന് സംസ്ഥാനങ്ങളിലെ 37 വാക്‌സിൻ കേന്ദ്രങ്ങളിലേക്ക് പ്രത്യേക വാഹനങ്ങളിൽ
# സംസ്ഥാന സർക്കാർ ജില്ലാ കേന്ദ്രങ്ങളിലും അവിടെ നിന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിക്കും
നിരീക്ഷിക്കാൻ
കൊ-വിൻ
വാക്‌സിൻ എണ്ണം, സംഭരണകേന്ദ്രത്തിലെ താപനില, വാക്സിൻ സ്വീകരിക്കുന്നവർ, അടുത്ത ഡോസ് തുടങ്ങിയ വിവരങ്ങൾ കൊ-വിൻ ഡെലിവറി മാനേജ്മെന്റ് സംവിധാനം വഴി ഡിജറ്റിലായി നിരീക്ഷിക്കും.
12 ഭാഷകളിൽ എസ്.എം.എസ്. അയയ്ക്കാം. 24 മണിക്കൂർ ഹെൽപ് ലൈൻ.
കയറ്റുമതി
വിലക്കില്ല
വാക്സിൻ കയറ്റുമതി വിലക്കിയെന്ന വാർത്തകൾ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിഷേധിച്ചു. കേന്ദ്രസർക്കാരിന്റെ ഒരു മന്ത്രാലയവും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്ക് അപേക്ഷിച്ച ഫൈസർ ഇന്ത്യയോട് മൂന്നു തവണ വിദഗ്ദ്ധ സമതിക്കു മുന്നിൽ ഡേറ്റ അവതരണം നടത്താൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതുകൊണ്ടാണ് ഫൈസർ വാക്സിന് അനുമതി നൽകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.