ന്യൂഡൽഹി: ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയെ തുടർച്ചയായ രണ്ടാംദിവസവും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
തിങ്കളാഴ്ച റോബർട്ട് നൽകിയ ഉത്തരങ്ങളിൽ തൃപ്തി തോന്നാത്തതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്തതെന്നാണ് വിവരം.നേരത്തേ റോബർട്ട് വദ്രയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് നടന്നില്ല. തുടർന്നാണ് തിങ്കളാഴ്ച വദ്രയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
ബിക്കനീർ, ഫരീദാബാദ് ഭൂമി ഇടപാടിലെ അഴിമതി, യു.കെയിലെ ബിനാമി സ്വത്തുകേസ് എന്നിവയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വദ്ര. ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസാണ് ഇതിൽ പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ നിരന്തരം ഇദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കേസുകൾ രാഷ്ട്രീയ പ്രതികാരമാണെന്നുമായിരുന്നു വദ്രയുടെ പ്രതികരണം.