ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ചൊല്ലിയുള്ള ഭിന്നത അവസാനിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഇന്ത്യയിലും ലോകത്ത് തന്നെയും കൊവിഡ് വാക്സിന്റെ സുഗമമായ വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല, ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല എന്നിവർ
സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനും സാമ്പത്തിക രംഗത്തെ സാധാരണ നിലയിലെത്തിക്കാനും പ്രാപ്തിയുള്ളതുമാണ് വാക്സിൻ. ഉന്നതനിലവാരവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്റെ നിർമ്മാണത്തിലും വിതരണത്തിലുമാണ് തങ്ങളുടെ ശ്രദ്ധ. നേരത്തെ നിശ്ചയിച്ച പോലെത്തന്നെ വാക്‌സിൻ വികസന പ്രവർത്തനങ്ങൾ തുടരുകയാണ്. ആഗോള തലത്തിൽ തന്നെ കൊവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും പ്രാപ്യമാക്കുമെന്നും പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി.
പൂനെ കേന്ദ്രമായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊവിഷീൽഡ്, ഫൈസർ, മൊഡേണ വാക്സിനുകൾ മാത്രമാണ് എല്ലാവിധ ശാസ്ത്രീയ പരീക്ഷണ ഘട്ടങ്ങളും കടന്നതെന്ന്, കൊവാക്സിന്റെ ഫലപ്രാപ്തിയെ പരോക്ഷമായി ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു അഭിമുഖത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ പറഞ്ഞിരുന്നു. അന്തിമ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് അനുമതി നൽകിയതിനെതിരെ ചില പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ഇതിന് പിന്നാലെ കൊവാക്സിൻ 200 ശതമാനം സത്യസന്ധമായ ക്ലിനിക്കൽ പരീക്ഷണമാണ് നടത്തിയതെന്നും ഇന്ത്യൻ കമ്പനിയായതിനാൽ വിമർശിക്കപ്പെടുന്നത് ശരിയല്ലെന്നും ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു. അടിയന്തര ഉപയോഗ അനുമതി ലഭിച്ച വാക്സിനുകളുടെ ഫലപ്രാപ്തിയെ ചൊല്ലിയുള്ള പരസ്യഭിന്നത തിരിച്ചടിയാകുമെന്ന് വിലയിരുത്തി കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടതോടെയാണ് സംയുക്ത പ്രസ്താവനയിറക്കിയത്.