ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സമരം നാളെ മുതൽ കൂടുതൽ ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ആദ്യ ഘട്ടമെന്ന നിലയിൽ നിലവിൽ സമരം നടക്കുന്ന ഡൽഹിയിലെ നാല് അതിർത്തികളിലും നാളെ വൻ ട്രാക്ടർ റാലി സംഘടിപ്പിക്കും. വെള്ളിയാഴ്ച കേന്ദ്രസർക്കാരുമായി എട്ടാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് പ്രഖ്യാപനം.
ഡൽഹി-ഹരിയാന അതിർത്തികളായ സിംഘു, തിക്രി, ഡൽഹി-യു.പി അതിർത്തിയായ ഗാസിപ്പൂർ, ഡൽഹി-ആഗ്ര എക്സ്‌പ്രസ് പാതയിലെ പൽവൽ എന്നിവിടങ്ങളിലാണ് ട്രാക്ടർ റാലി. ഡൽഹിയിൽ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി നാളത്തേക്ക് മാറ്റുകയായിരുന്നു. പൽവലിൽ മാത്രം ആയിരം ട്രാക്ടർ അണിനിരത്തി റാലി സംഘടിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നിയമം റദ്ദാക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ച് നിൽക്കുന്നതിനാലാണ് നാല് അതിർത്തികളിലേക്കും വ്യാപിപ്പിച്ച് ശക്തമാക്കാൻ തീരുമാനിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സമാന്തര കിസാൻ പരേഡിന്റെ റിഹേഴ്സൽ കൂടിയാണ് നാളത്തെ ട്രാക്ടർ റാലിയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. രാജ്യവ്യാപകമായുള്ള രണ്ടാഴ്ച നീളുന്ന ദേശ് ജാഗ്രതാ അഭിയാൻ പരിപാടിയും നടത്തും. ജയ്പുർ
ബി.ജെ.പി നേതാക്കൾ മോദിയെ കണ്ടു
കർഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പഞ്ചാബിൽ നിന്നുള്ള രണ്ട് ബി.ജെ.പി നേതാക്കളും കൂടിക്കാഴ്ച നടത്തി. മുൻ പഞ്ചാബ് മന്ത്രി സുർജിത് കുമാർ, ഹർജിത് സിംഗ് ഗ്രേവാൾ എന്നിവരാണ് പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടത്.
പാർലമെന്റ് കാർഷിക നിയമം പാസാക്കുന്നതിന് മുൻപ് , കർഷകരുമായി കൂടിയാലോചനയ്ക്കായി നിയോഗിച്ച ബി.ജെ.പി കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷനാണ് സുർജിത്. കമ്മിറ്റി അംഗമായിരുന്നു ഹർജിത് ഗ്രേവാൾ. അതേസമയം കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സമരം ചെയ്യുന്ന കർഷകരുമായി ഇരു നേതാക്കളും മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു. കർഷകരുമായുള്ള ഏഴാംഘട്ട ചർച്ചയും പാളിയതോടെ നേതാക്കളെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.