housewife
housewife

ന്യൂഡൽഹി: വീട്ടിൽ ഇനി അക്കാര്യം പറഞ്ഞ് വഴിക്കടിക്കേണ്ട! ഉദ്യോഗസ്ഥനായ ഭർത്താവിനോ, അതോ വീട്ടമ്മയായ ഭാര്യയ്‌ക്കോ മൂല്യം കൂടുതലെന്ന അനാദിയായ തർക്കത്തിൽ സുപ്രീംകോടതിയുടെ തീർപ്പ്:

സ്ത്രീകളുടെ വീട്ടുജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയേക്കാൾ മൂല്യം കുറവല്ല!

വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്നും, കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ലെന്നുമുള്ള കുഴപ്പംപിടിച്ച ധാരണ തിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 2014 ൽ ഡൽഹിയിൽ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പരാമർശം. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

'പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നത്. വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും' കോടതി നിരീക്ഷിച്ചു. മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടമ്മയായിരുന്നു.

ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ ഇൻഷ്വറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അപ്പീൽ പരിഗണിച്ച ഡൽഹി ഹൈക്കോടതി അത് 22 ലക്ഷമായി ചുരുക്കി. എന്നാൽ സുപ്രീംകോടതി 33.20 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഈ തുകയ്ക്ക് മേയ് 2014 മുതലുള്ള 9 ശതമാനം പലിശയും നൽകണം.

അടുക്കള കണക്ക്

2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകൾ വീട്ടുജോലി ചെയ്യുന്നു. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ 5.79 ദശലക്ഷം മാത്രം. ഒരു സ്ത്രീ പ്രതിദിനം ശരാശരി 299 മിനിട്ട് അടുക്കളയിൽ ചെലവിടുന്നു. പുരുഷന്മാർ ചെലഴിക്കുന്നത് 97 മിനിട്ട്. വീട്ടുകാരെ പരിചരിക്കാനും ശുശ്രൂഷിക്കാനും സ്ത്രീ 134 മിനിറ്റ് ചെലവിടുമ്പോൾ, പുരുഷന്മാർ വിനിയോഗിക്കുന്നത് 76 മിനിട്ട് മാത്രമാണെന്നും കോടതി പറഞ്ഞു.