ന്യൂഡൽഹി : കർഷക സമരം പരിഹരിക്കാത്തതിൽ ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി, ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് നിർദ്ദേശിച്ചു.
കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മനോഹർലാൽ ശർമ അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച്.
സാഹചര്യങ്ങളിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യകരമായ ചർച്ച തുടരുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇരുകൂട്ടരും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും കോടതിയെ അറിയിച്ചു.
'സ്ഥിതി മനസിലാകുന്നുണ്ട്. കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ചർച്ച പ്രോത്സാഹിപ്പിക്കുക. എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണം. വെള്ളിയാഴ്ച ചർച്ച തീരുമാനിച്ച പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാർ. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു.