vaccine

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകിയത് മനുഷ്യരിൽ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പരീക്ഷണത്തിന്റെ വ്യക്തമായ ഡേറ്റയില്ലാതെയാണെന്ന് ആരോപണം. ഭാരത് ബയോടെക് നൽകിയ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ പരിഗണിച്ച കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധ സമിതിയുടെ ജനുവരി 1ലെയും 2ലെയും മിനുട്സ് വിവരങ്ങൾ ഒരു ദേശീയമാദ്ധ്യമം പുറത്തുവിട്ടതിന് പിന്നാലെയാണിത്.

അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ പര്യാപ്തമായ ഡാറ്റ ഭാരത് ബയോടെക് സമർപ്പിച്ചിട്ടില്ലെന്ന് ജനുവരി ഒന്നിന്റെ മിനുട്സിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ നേരിടാനുള്ള ശേഷി കൊവാക്സിനുണ്ടെന്ന് നിരീക്ഷിച്ചെങ്കിലും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിക്ക് ശുപാ‌ർശ ചെയ്യാനുതകുന്ന ഡേറ്റകൾ സമർപ്പിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തി. ഫലപ്രാപ്തി സംബന്ധിച്ച് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിന്റെ ഡാറ്റയാണ് സമർപ്പിച്ചത്. നിലവിൽ 25,800 പേരിലാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിന് സന്നദ്ധരായവരുടെ രജിസ്ട്രേഷൻ വേഗത്തിലാക്കണം. ഫലപ്രാപ്തി സംബന്ധിച്ച് ഇടക്കാല വിശകലനം നടത്തണമെന്നും സമിതി ശുപാർശ ചെയ്തു.

എന്നാൽ പിറ്റേന്ന് വീണ്ടും യോഗം ചേർന്ന വിദഗ്ദ്ധ സമിതി നിയന്ത്രിത ഉപയോഗത്തിന് കൊവാക്സിന് അനുമതി നൽകി. മൃഗപരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന ഡാറ്റ കമ്പനി സമർപ്പിച്ചുവെന്നാണ് രണ്ടിലെ മിനുട്സിൽ പറയുന്നതെന്നും ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെയാണ് വിദഗ്ദ്ധ സമിതി തീരുമാനം മാറ്റിയത്.

അതേസമയം കൊവാക്സിൻ സുരക്ഷിതമാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മഹാമാരി സാഹചര്യത്തിൽ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലെ ഡാറ്റകളെ അടിസ്ഥാനമാക്കി നിയന്ത്രിത ഉപയോഗത്തിന് പരിഗണിക്കാം. ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 375 പേരിലും രണ്ടാംഘട്ടത്തിൽ 380 പേരിലുമാണ് കൊവാക്സിൻ പരീക്ഷണം നടത്തിയത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം 25,800 പേരിലാണ് നടത്തുന്നത്. 24000ത്തിലേറെ പേർ രജിസ്റ്റർ ചെയ്തു. ഇവർക്ക് ആദ്യ ഡോസ് നൽകി. സുരക്ഷാ പ്രശ്നങ്ങളുണ്ടായിട്ടില്ല. 5000ത്തിലേറെ പേർക്ക് രണ്ടാമത്തെ ഡോസും നൽകി. കൊവാക്‌സിൻ മൃഗങ്ങളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെകിന്റെ കൊവാക്സിനും കഴിഞ്ഞ മൂന്നിനാണ് അടിയന്തര ഉപയോഗ അനുമതി ഡ്രഗ്സ് കൺട്രോള‌ർ ജനറൽ നൽകിയത്. എന്നാൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്ത കൊവാക്സിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.