ന്യൂ‌ഡൽഹി: കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി നാളെ സംസ്ഥാനത്തെത്തുന്ന എൻ.സി.ഡി.സി ഡയറക്ടറിൻറെ നേതൃത്വത്തിലുള്ള ഉന്നതല സംഘം കേരളത്തിലെ പക്ഷിപ്പനി സാഹചര്യവും പരിശോധിക്കും.

ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഉന്നതതല സംഘത്തിലുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെയും ഹരിയാനയിലെയും പക്ഷിപ്പനി ബാധിത ജില്ലകളിലേക്ക് എൻ.സി.ഡി.സി , ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആർ, ന്യൂഡൽഹിയിലെ ആർ.എം.എൽ ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങുന്ന വിവിധ സംഘങ്ങളെ ജനുവരി നാലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിന്യസിച്ചിരുന്നു.

കാക്കകളും ദേശാടനപക്ഷികളും ധാരാളമുള്ള രാജ്യസ്ഥാനിലെ ഝാലാവാഡ്, മധ്യപ്രദേശിലെ ഭിണ്ഡ് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറച്ചിപ്പക്ഷികളിൽ ഇത്തരത്തിൽ രോഗബാധയുണ്ടോയെന്നു കണ്ടെത്തുന്നതിനായി നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.