അടുത്ത മാസം 25ന് രാജ്യാന്തര തലത്തിലൊരു പ്രധാനപ്പെട്ട പരീക്ഷ നടക്കുന്നുണ്ട്. വലിപ്പചെറുപ്പമില്ലാതെ താത്‌പര്യമുള്ള ഏതൊരാളിനും പങ്കെടുക്കാവുന്ന ഓൺലൈൻ പരീക്ഷ. യാതൊരുവിധ ഫീസുമില്ലെന്ന് മാത്രമല്ല പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്ക് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും ലഭിക്കുകയും ചെയ്യും. പരീക്ഷയുടെ വിഷയം ഇതാണ്, പശു!
പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ ജിജ്ഞാസയുണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുന്നതിനും അവരെ പഠിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന പരീക്ഷയുടെ പേര് ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ’ എന്നാണ്. നാല് കാലും വാലുമൊക്കെയുള്ള ആ സാധുമൃഗത്തെക്കുറിച്ച് രാജ്യാന്തര തലത്തിലൊരു പരീക്ഷ നടത്തുന്നതിൽ കൗതുകമെന്തിരിക്കുന്നു എന്നാണോ ? ഒന്നുമില്ലെങ്കിലും പാലും ചാണകവും ഗോ മൂത്രോമൊക്കെ അൺലിമിറ്റഡായി തരുന്നില്ലേയെന്ന് ചിന്തിക്കുന്നവരോട് പരീക്ഷയുടെ സിലബസിലാണ് കൗതുകമെന്നു പറഞ്ഞുകൊള്ളട്ടെ. പണ്ട് മയിലിന്റെ കണ്ണുനീരിൽ നിന്നാണ് പ്രത്യുത്പാദം നടക്കുന്നതെന്ന് പ്രസ്താവിച്ച ഒരു മുതിർന്ന നേതാവിന്റെ ഉറ്റമിത്രങ്ങളാരോ ആണ് സിലബസുണ്ടാക്കിയതെന്ന് തോന്നിയാൽ തെറ്റുപറയാനാകില്ല.
സിലബസിലാണ് കാര്യം
ഭൂകമ്പം ഉണ്ടാകുന്നതെങ്ങനെ ? ഭൗമോപരിതലം അവിചാരിതമായി ചലിക്കുന്നതിനാലാണെന്നും ഭൗമാന്തർഭാഗത്തു നടക്കുന്ന രണ്ടുതരം പ്രതിഭാസങ്ങളെ തുടർന്നാണെന്നുമൊക്കെ ശാസ്ത്രീയ അടിത്തറയിലൂന്നിയ വാദവുമായി വരുന്നവർ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. 'പശു കശാപ്പ് ' മൂലമാണത്രേ ലോകത്ത് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പരീക്ഷയ്‌ക്കായി പ്രസിദ്ധീകരിച്ച 54 പേജ് വരുന്ന പി.ഡി.എഫ് രൂപത്തിലുള്ള സിലബസിലാണ് കേട്ടുകേഴ്വിയില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. മുകളിൽ പ്രതിപാദിച്ച 'പശു ഭൂകമ്പശാസ്ത്രം' ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. വിശദമായ സിലബസിലേക്ക് കടക്കാം.
നാടൻ പശുക്കളും വിദേശ ഇനങ്ങളും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്നിടത്താണ് 'രസകരമായ' പല വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. നാടൻ പശുക്കളുടെ പെരുമാറ്റം മുതൽ രോഗപ്രതിരോധം വരെ ഉന്നത കുലജാതരെപ്പോലെ ഉന്നത നിലവാരത്തിലുള്ളതാണ്. ഇന്ത്യൻ പശുക്കൾ കൂടുതൽ ശുചിത്വം പാലിക്കുന്നവരാണത്രേ. 'വൃത്തികെട്ട സ്ഥലങ്ങളിൽ ഇരിക്കാത്തത്ര ബുദ്ധിയുള്ളവരാണ്. ഇന്ത്യൻ പശുവിന്റെ പാലിന്റെ നിറം ഇളംമഞ്ഞയാണ്. അതിൽ സ്വർണത്തിന്റെ അംശമുള്ളതാണ് ഇതിന് കാരണം. ജേഴ്സി പശുവിന് ഈ പ്രത്യേകത ഇല്ല. ജുനഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തലുകൾ ഈ വിവരങ്ങൾ ശരിവയ്ക്കുന്നു'വെന്ന് സിലബസ് പറയുന്നു.
അപരിചിതർ അടുത്തെത്തിയാൽ നാടൻ പശുക്കൾ എഴുന്നേറ്റ് നിൽക്കുമെന്ന വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പശു ഉത്‌പന്നങ്ങൾ ലോകത്തെ മിക്ക രോഗങ്ങളും ഭേദമാക്കും. കുട്ടികൾക്കുള്ള ഭക്ഷണം മുതൽ സോറിയാസിസിനുള്ള മരുന്നുവരെ പശു തരുന്നുണ്ട്. പ്രത്യേക നിറമുള്ള രോമമുള്ള പശുക്കൾ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെ സഹായിക്കുമെന്നും സിലബസ് വ്യക്തമാക്കുന്നു.
അതേസമയം ജേഴ്സി പശു മടിച്ചിയും രോഗങ്ങൾക്ക് സാദ്ധ്യതയുള്ളവളുമാണ്. 'വേണ്ടത്ര ശുചിത്വമില്ലാത്തതിനാൽ ജേഴ്സി പശുക്കൾക്ക് വേഗത്തിൽ അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്'. '1984 ൽ ഭോപ്പാലിൽ വാതക ചോർച്ച മൂലം 20,000 ത്തിലധികം പേർ മരിച്ചപ്പോൾ ചാണകം പൊതിഞ്ഞ മതിലുകളുള്ള വീടുകളിൽ താമസിക്കുന്നവരെ വിഷവാതക ചോർച്ച ഏശിയിട്ടേയില്ല ' എന്ന നിർണായക 'വിവരവും' സിലബസ് എടുത്തു പറയുന്നു. നെഗറ്റീവ് എനർജി മൂലം ത്വക്കിലുണ്ടാകുന്ന കുരുക്കങ്ങൾക്ക് ഗോമൂത്രം രോഗശാന്തി നല്‌കുമെന്നും സിലബസിൽ അവകാശപ്പെടുന്നു. നാടൻ പശുവിന്റെ മൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന മരുന്നുകളെപ്പറ്റിയും സിലബസിൽ പറയുന്നുണ്ട്. കഫം, ചുമ, കുടൽ സംബന്ധമായ അസുഖങ്ങൾ, കണ്ണ് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കരൾരോഗം, അണുബാധ, ശ്വാസതടസം ഉൾപ്പെടെയുള്ളവക്ക് ഗോമൂത്രം ഔഷധമാണെന്നാണ് പരാമർശിക്കുന്നത്.
ചാണകത്തിൽ ആന്റി- റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഉണ്ടെന്നാണ് ഇതിൽ അവകാശപ്പെടുന്ന മറ്റൊരു കാര്യം. പ്രകൃതി ശാസ്ത്രജ്ഞരായ എം.എം ബജാജ്, ഇബ്രാഹിം, വിജയരാജ് സിംഗ് എന്നിവരുടെ ഒരു സിദ്ധാന്തത്തിലാണ് ബീഫ് ഉപയോഗിക്കുന്നതിനെ 'മോശം കർമ്മ'വുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്.
'ആയിരക്കണക്കിനു വർഷങ്ങളായി ആഫ്രിക്കക്കാർ ഉണക്കിയ ചാണകമാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മിഷനറിമാർ ശീലം ഉപേക്ഷിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു. തുടർന്ന് ആളുകൾ വിറകിനായി വനങ്ങളിലേക്ക് തിരിഞ്ഞു. അതോടെ ആഫ്രിക്കയിൽ വനനശീകരണം രൂക്ഷമായി'- സിലബസ് കൂട്ടിച്ചേർക്കുന്നു.
യുക്തിയും ശാസ്ത്രവും കടക്ക് പുറത്ത്
ശാസ്ത്രീയ അടിത്തറയില്ലെങ്കിലും സാമാന്യ യുക്തിയ്ക്ക് പോലും നിരക്കാത്ത സിലബസിൽ രാജ്യത്തൊരു പരീക്ഷ നടത്തുന്നതിന്റെ പൊരുൾ തേടുകയാണ് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ദ്ധർ. വിദ്യാർത്ഥികൾ സാധാരണയായി പരീക്ഷകളിൽ മികച്ച സ്കോർ നേടാൻ ആഗ്രഹിക്കുന്നുവെന്ന് ഹോമിഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസർ അനികേത് സുലെ പറഞ്ഞു. ഇതിനായി അവർ ഇതുപോലുള്ള 'തെറ്റായ വിവരങ്ങൾ' പഠിക്കുകയും അത് ശരിയാണെന്ന ധാരണ വളരെക്കാലം അവരിൽ നിലനിൽക്കപ്പെടുകയും ചെയ്യും. പശുവിന് ദഹിക്കാൻ കഴിയാത്ത ചിലതാണ് അത് പുറത്തേക്ക് വിടുന്നത്. അതിനാൽ, ഈ സാധാരണ യുക്തികൊണ്ട് പോലും, പശു മൂത്രത്തിൽ ഔഷധം കണ്ടെത്താൻ ശ്രമിക്കുന്നതിന് യാതൊരു അർത്ഥവുമില്ല. ഇത്തരം സിദ്ധാന്തങ്ങൾ വൈകാരിക തലത്തിൽ മാത്രമേ പ്രവർത്തിക്കൂ. ഗവേഷണങ്ങൾ നടത്തിയാൽ ഈ പറയുന്നതൊന്നുമല്ല വസ്തുതയെന്ന് സർക്കാർ അതോറിറ്റിക്ക് ബോദ്ധ്യമാകും. അതിനാൽ അവർ അതിന് ശ്രമിക്കില്ലെന്നും ''അദ്ദേഹം പറയുന്നു.
പശു വിഷയം തന്നെ
പശുവിനെ ഒരു വൈകാരിക പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരുന്ന പ്രവണത കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തുണ്ട്. ഗോവധം നിരോധിക്കുക, ചാണകത്തിൽ നിന്ന് പെയിന്റ് , റേഡിയേഷൻ ചെറുക്കാൻ ചാണക ചിപ്പ് തുടങ്ങി നിയമവും ശാസ്ത്രവുമൊക്കെ ചേരുംപടി ചേർത്തുള്ള അവതരണങ്ങൾ. കൊവിഡ് കാലത്ത് വാക്സിനായി ലോകത്തെ ശാസ്ത്രജ്ഞർ അക്ഷീണ പരിശ്രമം നടത്തുമ്പോൾ കൊവിഡിനെ ചെറുക്കാൻ ചാണകവും ഗോമൂത്രവും തിന്ന ആൾക്കാരാണ് ഇന്ത്യക്കാരെന്ന് ലോകം നമ്മളെ പരിഹസിക്കുന്നു.
ഇന്ത്യയിൽ ഒഴികെ ലോകത്തെവിടെയും നാൽക്കാലികളെ സംരക്ഷിക്കാൻ ഇരുകാലികളെ കൊല്ലുന്നവർ ഉണ്ടാകുമോ എന്ന് സംശയമാണ്. കാരണം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇന്ത്യയിൽ പശു സംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ മാത്രം ഗോരക്ഷകരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത് 64 പേരാണ്. (ലോകത്ത് തന്നെ സ്ത്രീപീഡനങ്ങളിൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന ഈ രാജ്യത്ത്, പെണ്ണുങ്ങളെ സംരക്ഷിക്കാൻ 'സ്ത്രീ രക്ഷക് ' എന്നൊരു സേനയുണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ച് പോവുകയാണ്.)
തന്റെപേരിൽ രാജ്യത്തുണ്ടാകുന്ന പുകിലുകളെക്കുറിച്ച് ഈ രാജ്യത്തെ പശുക്കൾ അറിയുന്നുണ്ടാകുമോ? പത്ര- ദൃശ്യമാദ്ധ്യമങ്ങളോ സാമൂഹിക മാദ്ധ്യമങ്ങളോ ആയി നേരിട്ട് ബന്ധപ്പെടാൻ വഴിയില്ലാത്തതിനാൽ അവർ ഈ കൂത്തൊന്നും അറിയാൻ സാദ്ധ്യതയില്ല. ഇനി ആർ. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യിലെ പശുക്കളെപ്പോലെ ചുറ്റും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ കണ്ടുംകേട്ടും മനസിലാക്കിയിട്ടും ഇത്തരങ്ങളിൽ പേക്കൂത്തുകളിൽ ഇടപെടാൻ താത്‌പര്യമില്ലാതെ നിൽക്കുന്നതുമാകാം ചിലപ്പോൾ.